rajeev
കാട്ട് പോത്തിന്റെ അക്രമണത്തിൽ പരിക്കേറ്റ രാജീവ് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ

കുമളി :കുമളിക്ക് സമീപം സ്പ്രിങ് വാലിയിൽ ദുഃഖ വെള്ളിയാഴ്ച കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. സ്പ്രിങ് വാലി മുല്ലമല വീട്ടിൽ രാജീവിനാണ് (49) കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
വയറിന് ഗുരുതരമായി പരിക്കേറ്റ രാജീവിനെ പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീടിന് ഏതാനും മീറ്റർ അകലെ കാട്ടുപോത്ത് രാജീവിനെ കൊമ്പിൽ കുത്തിയെറിയുകയായിരുന്നു. സ്പ്രിംഗ് വാലി കുരിശുമലയ്ക്ക് സമീപമുള്ള റിസോർട്ട് ജീവനക്കാരനായ സുഹൃത്ത് സ്പ്രിങ് വാലി കണ്ണാറയിൽ കണ്ണനെ രാജീവ് മൊബൈലിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കണ്ണൻ മറ്റൊരു സുഹൃത്തിനെ കൂട്ടി അടുത്തെത്തി അവശനായ രാജീവിനെ അവിടുന്ന് മറ്റുള്ളവരുടെ സഹായത്തോടെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെ മൂന്ന് അടിയന്തര സർജറികൾക്ക് രാജീവിനെ വിയേയനാക്കി.കാട്ടുപോത്തിന്റെ കൊമ്പ് വയറ്റിൽ തുളച്ചു കയറി എട്ട് വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. കരളിനും ശ്വാ സകോശത്തിനും മുറിവേറ്റിട്ടുണ്ട്. രാജീവ് വെന്റിലേറ്ററിലാണ്.

വെടിവച്ച് പിടിക്കാനോ തുരത്താനോ ഉത്തരവ്
ആക്രമണത്തെ തുടർന്ന് കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തുകയോ മയക്കുവെടി വച്ച് പിടികൂടുകയോ ചെയ്യാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്നലെ രാവിലെ വനംവകുപ്പ് ഡ്രോൺ ഉപയോഗിച്ച് കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. കാട്ടുപോത്ത് ആക്രമണത്തിൽ പരക്കേറ്റ രാജീവിന്റെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ ഏറ്റെടുത്തു. തുടർ ചികിത്സക്ക് കുടുംബത്തിന് വനം വകുപ്പ് ധന സഹായം നൽകും. മേഖലയിൽ സ്ഥിരമായി വനം വകുപ്പ് പട്രോളിംഗ് നടത്തും. ജനവാസ മേഖലയിലുള്ള കാട്ടുപോത്തുക്കള മുഴുവൻ തുരത്തും. ഫെൻസിംഗ് നിർമ്മിക്കുന്ന നടപടി വേഗത്തിലാക്കും. വാഴൂർ സോമൻ എം.എൽ.എ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

കാട്ടുപോത്ത് കൂടാതെ ആന,​ കരടി,​ കടുവ,​ പുലി...

ദീർഘനാളായി കുമളിയിലും പരിസരപ്രദേശങ്ങളിലും കാട്ടുപോത്ത്,​ ആന,​ കരടി,​ കടുവ,​ പുലി എന്നിവയുടെ ശല്യം സ്ഥിരമാണ്. ആക്രമണകാരിയായ കാട്ടുപോത്തിന്റെ ഫോട്ടോ ഉൾപ്പെടെ വന്യജീവി ശല്യത്തെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. സ്പ്രിംഗ്‌വാലി വിശ്വനാഥപുരം പ്രദേശങ്ങളിൽ പകൽ പോലും കാട്ടുപോത്തിൻ കൂട്ടം കൃഷിസ്ഥലങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. കർഷകർക്ക് തങ്ങളുടെ കൃഷിസ്ഥലത്ത് ഇറങ്ങാൻ വയ്യാത്ത സ്ഥിതിയാണ്. വനാതിർത്തി പ്രദേശങ്ങളായ ഇവിടെ ട്രഞ്ചോ വൈദ്യുതി വേലിയോ ഇല്ല. 25 കാട്ടുപോത്തുകൾ ഇവിടെ വിഹരിക്കുന്നുണ്ട്. നാട്ടുകാർ സ്പ്രിംഗ് വാലിയിൽ സംഘടിച്ച് റോഡ് ഉപരോധം അടക്കമുള്ള നടപടിയിലേക്ക് നീങ്ങിയിരുന്നു. കാട്ടുപോത്തുകൾ നാട്ടിൽ കാലങ്ങളായി വിഹരിച്ചിട്ടും വനം വകുപ്പിന് യാതാരു കുലുക്കവുമില്ല.