മൂന്നാർ: എല്ലാ തിരഞ്ഞെടുപ്പിലെയുമെന്ന പോലെ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഇരട്ടവോട്ട് പ്രശ്‌നം വീണ്ടും രാഷ്ട്രീയ വിവാദമാകുന്നു. കേരളത്തിലും തമിഴ്നാട്ടിലും വോട്ടുണ്ടെന്ന് കണ്ടെത്തിയ 174 പേർക്ക് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു. ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, 12 എന്നീ വാർഡുകളിലെ 174 പേർക്കാണ് ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തിയത്. ഉടുമ്പൻചോലയിലെയും തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വേട്ടോഴ്‌സ് ലിസ്റ്റുകളിലാണ് പേരുള്ളത്. രണ്ട് വേട്ടേഴ്‌സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാൻ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിന് ഹാജരാകാനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും. ഉടുമ്പൻചോല, ദേവികുളം. പീരുമേട് നിയോജക മണ്ഡലങ്ങളിലാണ് ഇരട്ട വോട്ടുകൾ കൂടുതലായിട്ടുള്ളത്. ഇതോടെ മറ്റ് തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ പ്രശ്‌നത്തെച്ചൊല്ലി ഇവിടെ സംഘർഷം ഉടലെടുത്തിരുന്നു. ബന്ധപ്പെട്ട അധികൃതരും പൊലീസുമെത്തി താത്കാലികമായി പ്രശ്‌ന പരിഹാരമുണ്ടാക്കുകയാണ് ചെയ്തത്. മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി പതിനായിരക്കണക്കിന് ഇരട്ട വോട്ടുകളുണ്ടെന്നാണ് വിവരം. ഇത് നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബി.ജെ.പി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. കഴിഞ്ഞതവണ രണ്ടിടത്തും വോട്ട് ചെയ്യാൻ ശ്രമിച്ച നിരവധി പേരെ പൊലീസ് പിടികൂടിയിരുന്നു.

ഇരട്ട വോട്ട് ഇങ്ങനെ

കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ കൈവശമുള്ളവരാണ് രണ്ടിടത്തും വോട്ടുചെയ്യുന്നത്. പീരുമേട്, ദേവികുളം ഉടുമ്പൻചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തിൽ ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്‌സഭാ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. തമിഴ് വിഭാഗക്കാരായ തോട്ടം തൊഴിലാളികളാണ് ഭൂരിഭാഗവും ഇരട്ടവോട്ട് ചെയ്യുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും സ്വന്തമായി വീടുള്ളവരും നിരവധിയാണ്. രണ്ടിടത്തും ഇവർക്കുള്ള മേൽവിലാസം വച്ചാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത്. ഇടുക്കിയിൽ താമസിക്കുന്ന തമിഴ് വംശജരുടെയെല്ലാം ബന്ധുക്കൾ തമിഴ്‌നാട്ടിലാണ്. ഈ സാഹചര്യം മുതലെടുത്താണ് ഇരട്ട വോട്ടുകൾ ചേർക്കുന്നതിന് കളമൊരുങ്ങിയത്. രേഖകൾ രണ്ടു സംസ്ഥാനങ്ങളിലായതിനാൽ രണ്ടുവോട്ട് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്.

എല്ലാ പാർട്ടികൾക്കും പങ്കുണ്ട്

മൂന്നുമുന്നണികൾക്കും ഇവർക്കിടയിൽ സ്വാധീനമുണ്ട്. തോട്ടം തൊഴിലാളികളിൽ ഒട്ടുമിക്കവരും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിൻബലത്തിലുള തൊഴിലാളി യൂണിയനുകളിൽ അംഗങ്ങളായിരിക്കും. ഇതേ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് തമിഴ്‌നാട്ടിൽ സ്ഥിരം മേൽവിലാസവും വോട്ടേഴ്‌സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താത്കാലിക മേൽവിലാസത്തിൽ റേഷൻകാർഡും വോട്ടേഴ്‌സ് ഐഡിയും നേടിക്കൊടുക്കുന്നത്. ഇരട്ട വോട്ടർമാർ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാനും ഇല്ലെങ്കിൽ പേരുചേർക്കാനും പ്രാദേശിക നേതാക്കൾ തന്നെയാണ് മുൻകൈയെടുക്കുന്നത്. ബൂത്ത് ലെവൽ ആഫീസർമാർ ഇടപെട്ട് ഇത്തരം വോട്ടർമാരെ കണ്ടെത്തുന്നുണ്ടെങ്കിലും നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി ഉൾപ്പെടുത്തുകയാണ് പതിവ്. പാർട്ടികൾ സ്വന്തമായി ചെലവുകൾ വഹിച്ചാണ് ഇരട്ട വോട്ടർമാരെ കൊണ്ടുവരുന്നത്.