അടിമാലി: കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിൽ ഇറങ്ങി മുങ്ങിയ പ്രതിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ബോഡി നായ്ക്കന്നൂർ വിനോഭാജി കോളനിയിൽ താമസിക്കുന്ന ജയക്കൊടിയെയാണ് (ശേഖർ- 52 ) ശനിയാഴ്ച അറസ്റ്റ് ചെയ്തത്. 2010ൽ വെള്ളത്തൂവൽ സ്റ്റേഷനിൽ യുവാവിനെ കല്ലിന് ഇടിച്ചു കൊന്ന കേസിലെ പ്രതിയാണ് പിടിയിലായ ജയക്കൊടി. ഇയാൾ തമിഴ്നാട്ടിലെ നെട്ടുകാൽത്തേരി ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. കൊവിഡിനോടനുബന്ധിച്ചുള്ള പരോളിൽ ഇയാളും ഉൾപ്പെട്ടു. ഇങ്ങനെ
പരോളിൽ ഇറങ്ങിയ ജയക്കൊടി അവിടെ നിന്നും മുങ്ങുകയായിരുന്നു. മാസങ്ങളായി ഇയാൾ അടിമാലി ടൗണിലും പരിസരപ്രദേശങ്ങളിലും കറങ്ങി നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലും താലൂക്ക് ആശുപത്രിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ച കേസിലും ഇയാളെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ഇയാളെ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജയിലിൽ നിന്ന് മുങ്ങിയ പ്രതിയാണിതെന്ന് കണ്ടെത്തിയത്. പ്രതിയെ നെട്ടുകാൽത്തേരി കോടതിയിൽ ഹാജരാക്കും.