ചെറുതോണി: പതിറ്റാണ്ടുകൾക്ക് മുമ്പ് ഇടുക്കി ജില്ലയിൽ താമസം ഉറപ്പിച്ച തമിഴ് സംസാരിക്കുന്ന വോട്ടർമാരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ നടപടിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പരാതി നൽകി. തലമുറകളായി ഇവിടെ ജീവിച്ചു വരുന്ന വോട്ടർമാരെ വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസരം കഴിഞ്ഞതിന് ശേഷം വോട്ടർ പട്ടിക ജനുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ നടക്കുന്നത് പുതിയ വോട്ടർമാരുടെ കൂട്ടിച്ചേർക്കലുകൾ മാത്രമാണ്. വോട്ടർമാരെ കേൾക്കാതെ വോട്ടവകാശം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്. നിക്ഷിപ്ത താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ കെട്ടിച്ചമക്കുന്ന പരാതികളുടെ മേൽ റിട്ടേണിംഗ് ഓഫീസർ ഇടപെട്ട് വോട്ടവകാശം നിഷേധിക്കുന്നത് ചട്ടലംഘനമാണ്. ഇത്തരം നടപടികളിൽ നിന്ന് ജില്ലാ കളക്ടർ പിൻമാറണം. വോട്ടർമാരെ ഒഴിവാക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് സി.പി.എം പരാതി നൽകിയിട്ടുള്ളത്.