തൊടുപുഴ: നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ പൊതുമരാമത്തു റോഡിലേക്കിറക്കി നോ പാർക്കിംഗ് ബോർഡുകൾ വയ്ക്കുന്നത് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. തിരക്കേറിയ റോഡുകളിൽ സ്ഥാപിക്കുന്ന ഇത്തരം ബോർഡുകൾ ശ്രദ്ധയിൽപെടാതെ വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നത് പതിവായി. വ്യാപാര സ്ഥാപനങ്ങൾ പലതും പാർക്കിംഗ് ഏരിയകൾ വ്യാപാരാവശ്യത്തിന് ഉപയോഗിച്ചിട്ടാണ് ജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുന്ന രീതിയിൽ റോഡിലേക്കിറക്കി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുന്നതെന്നാണ് ആരോപണം. പൊതുമരാമത്തു വകുപ്പ് റോഡുകൾ ഇവരുടെ സ്വകാര്യ സ്ഥലം എന്ന രീതിയിലാണ് ബോർഡ് സ്ഥാപിക്കുന്നതെന്ന് വാഹന ഉടമകളും കാൽനടയാത്രക്കാരും പറയുന്നു. നഗരസഭാ അധികൃതർ ഇക്കാര്യത്തിൽ കാര്യമായ നടപടി സ്വീകരിക്കാറില്ല. സ്ഥാപനങ്ങൾ ആവശ്യത്തിന് പാർക്കിംഗ് സൗകര്യം ഒരുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നാവശ്യപ്പെട്ട് വാഹനങ്ങൾക്ക് തകരാർ സംഭവിച്ച ഏതാനും വാഹന ഉടമകൾ പരാതി നൽകിയിട്ടുണ്ട്.