ഇടുക്കി: ജില്ലയുടെ വിവിധ മേഖലകളിൽ വന്യജീവി ആക്രമണം തുടർക്കഥയാകുമ്പോഴും പ്രതിരോധിക്കാൻ ഒന്നും ചെയ്യാതെ വനംവകുപ്പ് മാറുന്നതിൽ പ്രതിഷേധം ശക്തം. ചിന്നക്കനാൽ മേഖലയിൽ കാട്ടാനയാക്രമണം നിത്യ സംഭവമായിട്ടും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ 301 കോളനിയിലെ ജനവാസ മേഖലയിലെത്തിയ ചക്കക്കൊമ്പൻ വയൽപ്പറമ്പിൽ ഐസക്കിന്റെ വീടാക്രമിച്ചിരുന്നു. പിന്നാലെ ദുഃഖവെള്ളിയാഴ്ച സിങ്കുകണ്ടത്തെത്തിയ ഒറ്റയാൻ മേഞ്ഞുകൊണ്ടിരുന്ന പശുവിനെയാണ് ആക്രമിച്ചത്. പശുവിനെ മേയ്ച്ചു കൊണ്ടിരുന്ന സരസമ്മ ഓടിരക്ഷപ്പെടുകയായിരുന്നു. അരിക്കൊമ്പനെ നാടുകടത്തിയതിന് പിന്നാലെ ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇതുകൂടാതെ മുറിവാലൻ കൊമ്പനും മറ്റ് കാട്ടാനകളും പ്രദേശത്ത് ചുറ്റിത്തിരിയുന്നതും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. സിങ്കുകണ്ടം, 301 കോളനി, ആനയിറങ്കൽ, ബിഎൽറാം, ശങ്കരപാണ്ഡ്യൻമെട്ട്, തലക്കുളം, കോരംപാറ തുടങ്ങിയ പ്രദേശങ്ങളാണ് കൂടുതലായും കാട്ടാന ശല്യത്തിൽ പൊറുതിമുട്ടുന്നത്. ഈ പ്രദേശങ്ങളിലെ ജനവാസ മേഖലകൾ എല്ലാം ഏതാനും മാസങ്ങളായി കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറി. ചക്കക്കൊമ്പനാണ് കൂടുതതും ആക്രമണം നടത്തുന്നത്. വീടുകൾ തകർക്കുക, കൃഷി നശിപ്പിക്കുക, ജനങ്ങളെ ആക്രമിക്കാൻ ശ്രമിക്കുക തുടങ്ങിയവയാണ് ഈ കാട്ടുക്കൊമ്പന്റെ രീതി. റേഷൻ കടയും വീടും തകർത്ത് അരി തിന്നിരുന്ന അരിക്കൊമ്പൻ പഞ്ചസാരയും കൃഷിയിടത്തിൽ നിന്ന് പിഴുതെടുക്കുന്ന ചക്കയും സുഹൃത്തായ ചക്കക്കൊമ്പന് കൊടുത്തിരുന്നതായും പ്രദേശവാസികൾ പറയുന്നു. വനത്തിനുള്ളിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്തതാണ് കൊമ്പന്മാർ ജനവാസ മേഖലയിലെത്തുന്നതിന്റെ പ്രധാന കാരണമെന്നും അനുഭവസ്ഥർ പറയുന്നു. കാട്ടാനയാക്രമണം തുടർക്കഥയായിട്ടും പരിഹാരം കാണാൻ കഴിയാത്ത വനം വകുപ്പിന്റെയും ഭരണ നേതൃത്വത്തിന്റെ നിലപാടിൽ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.