ചെറുതോണി: നാരകക്കാനത്ത് റേഷനരി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വീടിന്റെ കാർ ഷെഡ്ഡിന് മുകളിലേക്ക് മറിഞ്ഞ് കാർഷെഡും പാർക്ക് ചെയ്ത ഓട്ടോറിക്ഷയും തകർന്നു. വാഹനമോടിച്ച ആനവിലാനം സ്വദേശി സുരേഷിനെ (40) നിസാര പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. കട്ടപ്പനയിൽ നിന്ന് റേഷനരി കയറ്റി വന്ന ലോറിയാണ് നാരകക്കാനത്ത് അപകടത്തിൽ പെട്ടത്. പൂവത്തേൽ ജസ്റ്റിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ജസ്റ്റിന്റെ കുട്ടികൾ ശബ്ദം കേട്ട് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. റേഷൻ കടകളിൽ വിതരണം ചെയ്യാൻ മില്ലുകളിൽ നിന്ന് കട്ടപ്പനയിലെത്തിച്ച കേടായ 10 ലോഡ് അരി തിരികെ മില്ലുകളിലേക്കയച്ചു. ഇത്തരത്തിൽ കേടായ അരിയുമായി തിരികെപ്പോയ 10 ലോറികളിലൊന്നാണ് അപകടത്തിൽ പെട്ടത്. ദുഃഖവെള്ളിയാഴ്ചയാണ് റേഷൻ കടകളിലേക്കുള്ള അരി കട്ടപ്പനയിത്തിലെത്തിച്ചത്. വണ്ടുകളും പുഴുക്കളും നിറഞ്ഞ അരി ഭക്ഷ്യയോഗ്യമല്ലെന്നറിഞ്ഞ് തിരിച്ചയക്കുകയായിരുന്നു.