പീരുമേട്: പ്രതീക്ഷിച്ച വേനൽ മഴ ലഭിച്ചില്ല, ഏലം കരിഞ്ഞുണങ്ങിയതോടെ കർഷകർ പ്രതിസന്ധിയിലായി.
മുൻ വർഷങ്ങളിൽ ജനുവരി ഫെബ്രുവരി ,മാർച്ച്, മാസങ്ങളിൽ പലപ്പോഴായി ലഭിക്കുന്ന വേനൽമഴ കർഷകർക്ക് വലിയ ആശ്വാസമായിരുന്നു .
പീരുമേട്, വണ്ടിപ്പെരിയാർ ,ഏലപ്പാറ കുമളി ,പഞ്ചായത്തുകളിൽ ധാരാളം ചെറുകിട ഏലക്കർഷകർ ഉണ്ട്. അമ്പത് സെന്റ് മുതൽ ഒരേക്കറിലും, രണ്ടേക്കറിലും കൃഷി ചെയ്യുന്ന ചെറുകിട കർഷകർ മഴയെ മാത്രം ആശ്രയിച്ച കൃഷി ചെയ്യുന്നവരാണ്. കടുത്ത വേനലായാൽ വെള്ളം നനച്ചു കൊടുക്കാനുള്ള സൗകര്യം ഇവർക്കില്ല. തണൽ വിരിച്ചാണ് പലരും ഏല കൃഷി ചെയ്തത്. കുളം കുത്തി കൃഷി നടത്താനുള്ള സൗകര്യം ചെറുകിട ഏല കർഷകർക്ക് പലർക്കുമില്ല. ജലസേന സൗര്യങ്ങളും കുറവുള്ള പ്രദേശങ്ങളാണ് ഇവിടെ അധികവും.
ആനവിലാസം, വണ്ടൻമേട്, ചക്കുപള്ളം തുടങ്ങിയ പ്രദേശത്ത് വൻതോതിൽ ഏലം കൃഷി ചെയ്തുവരുന്നത് ഇങ്ങനെയാണ്.
കഠിനമായ വേനലിൽ ഏലത്തിന്റെ തട്ട ഒടിഞ്ഞും, കരിഞ്ഞുണങ്ങിയും ഏലം മറിയുന്നു. വേനൽ മഴ ലഭിച്ചിരുന്നെങ്കിൽ വളരെ പെട്ടെന്ന് പുഷ്പിച്ച്,പുതിയ ശരം മുളച്ച് ഏലക്കാ സീസൺ ആദ്യം ആരംഭിക്കുമായിരുന്നു. ഈ വർഷം സീസണിൽ ഏലക്കായ് ക്ക് തുടക്കത്തിൽ 600,700 രൂപ വിലയുണ്ടായിരുന്നത് സീസന്റെ അവസാന ഘട്ടത്തിൽ 1400 ഉം1500 രൂപ ലഭിക്കുന്ന സാഹചര്യമുണ്ടായി ഇത് ചെറുകിട കർഷകന് വലിയ ആശ്വാസമായിരുന്നു.
വളത്തിന് തീവില
ഏലത്തിന്റെ ഉല്പാദന ചെലവ് കൂടുതലായിരിക്കയാണ്.
ഏലത്തിന് ഉപയോഗിക്കുന്ന കീടനാശിനിക്കും, വളത്തിന്റെ വിലയും ക്രമാതീതമായി വർദ്ധിച്ചു. ഏലംഒരു കിലോയ്ക്ക് 1500 രൂപ വില ലഭിച്ചില്ലെങ്കിൽ ഏലകൃഷി തന്നെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം കർഷകനു ഉണ്ടായിരിക്കയാണ്. ചെറുകിട ഏലംകർഷകരെ സഹായിക്കേണ്ട സ്‌പൈസസ് ബോർഡ് കർഷകരെ സഹായിക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന ആക്ഷപവും ശക്തമണ്.