തൊടുപുഴ: തിളയ്ക്കുന്ന വേനൽ ചൂടിനെ അതിജീവിക്കാൻ കഴിയാതെ നാടും നഗരവും ദുരിതപ്പെടുന്ന അവസ്ഥയിൽ പശു, ആട്, പോത്ത് ഉൾപ്പടെയുള്ളവയിൽ കരുതൽ വേണം.പാടത്തും പറമ്പിലും പൊതുസ്ഥലങ്ങളിലും അഴിച്ച് വിടുന്ന വളർത്തു മൃഗങ്ങളെ വൈകിട്ട് 6 മണിയോടെയാകും ചിലർ തിരികെ കൊണ്ടു പോകുന്നത്. പകൽ സമയം മുഴുവൻ പൊള്ളുന്ന വേനൽ ചൂട് സഹിച്ചാണ് ഇവ കഴിച്ച് കൂട്ടുന്നത്. ദാഹമകറ്റാനുളള വെള്ളം പോലും ലഭ്യമാകാതെ പരക്കം പായുന്നതും ദയനീയമായ പതിവ് കാഴ്ച്ചകളാണ്. മരക്കുറ്റിയിലും മറ്റും കെട്ടിയിട്ടിരിക്കുന്നതിനാൽ ലേശം മാറി നിൽക്കാനും ഇവറ്റകൾക്ക് കഴിയാത്തതും ഏറെ ദയനീയമാണ്.ചൂടു കാലാവസ്ഥയിൽ ജീവിക്കാനുള്ള ശേഷി നാടൻ ഇനങ്ങൾക്ക് കൂടുതലാണെങ്കിലും അത്യുത്പാദന ശേഷിയുള്ള സങ്കരയിനം ജേഴ്‌സി, എച്ച്.
എഫ് (ഹോൾസ്റ്റീൻ ഫ്രീഷ്യൻ) പശുക്കളാണ് തൊഴുത്തുകളിൽ
കൂടുതലുളളത്. പന്നികൾ, കോഴികൾ, ആടുകൾ എന്നിങ്ങനെയുള മൃഗങ്ങൾക്കും വേനൽക്കാല പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തെരുവു മൃഗങ്ങൾക്കും പക്ഷികൾക്കും കുടിക്കാനുള്ള വെള്ളം ഒരുക്കി വെയ്ക്കാനുള്ള സൻമനസുണ്ടായാൽ ഇവറ്റകൾക്കും ജീവൻ പിടിച്ച് നിർത്താൻ കഴിയും.
മൃഗസംരക്ഷണ വകുപ്പ്
നൽകുന്ന നിർദ്ദേശങ്ങൾ
-വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം.
-കുടിവെള്ളം വേനലിൽ രണ്ട് മടങ്ങുവരെ വർദ്ധനവ് വരുന്നതിനാൽ ശുദ്ധജലം യഥേഷ്ടം നൽകണം.
-വേനൽക്കാലത്ത് തീറ്റയിൽ പെട്ടെന്നുള്ള വ്യതിയാനം വരാതെ ശ്രദ്ധിക്കുക, അത്യവശ്യമെങ്കിൽ പടിപടിയായി മാത്രം തീറ്റയിൽ മാറ്റം വരുത്തുക.
-വേനൽക്കാല ഭക്ഷണത്തിൽ ഊർജ ദായകമായ കൊഴുപ്പിന്റെയും
മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.
ഖരാഹാരം രാവിലെയും വൈകന്നേരവുമായി പരിമിതപ്പെടുത്തുക.
-പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ, ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നൽകാം.
ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നൽകണം.
-കൃത്രിമ ബീജധാനത്തിനു മുൻപും ശേഷവും ഉരുക്കളെ തണലിൽ തന്നെ
നിർത്തുക.
-വേനൽക്കാലത്ത് പേൻ, ഉണ്ണി, ചെള്ള് എന്നിവയെ നിയന്ത്രിച്ചില്ലെങ്കിൽ നിരവധി ഗുരുതര രോഗങ്ങൾ പരക്കാൻ സാധ്യതയുണ്ട്.
-ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.
-എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത്
വെള്ളമൊഴിക്കുകയോ ചെയ്യണം.
-അമിതമായ ഉമിനീരൊലിപ്പിക്കൽ, തളർച്ച, പൊള്ളൽ തുടങ്ങിയ സൂര്യാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.
-തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം.