വണ്ടിപ്പെരിയാർ: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് റോഡിൽ കസേരയിട്ട് പ്രതിഷേധിച്ച 90 വയസുകാരി മരിച്ചു. 6 മാസത്തെ കുടിശിക തുക ലഭിക്കാതെയാണ് എച്ച്പിസി റോഡരുകിൽ താമസിക്കുന്ന പൊന്നമ്മ മരിച്ചത്.
കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു സമരം നടത്തിയത്. കൂലിപ്പണിക്കാരനായ മകൻ മായനോടൊപ്പമാണ് പൊന്നമ്മ കഴിഞ്ഞിരുന്നത്. പെൻഷനും കൂടി മുടങ്ങിയതോടെ ഭക്ഷണത്തിനു പോലും വീട്ടിൽ ബുദ്ധിമുട്ടായി. ഇതോടെയാണ് റോഡിൽ കസേരയിട്ട് സമരം ചെയ്തത്. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം പൊലീസെത്തി ഇവരെ അനുനയിപ്പിച്ച് വീട്ടിലേയ്ക്ക് മാറ്റിയിരുന്നു.
പിറ്റേന്ന് രാവിലെ നാട്ടുകാരിൽ ചിലർ പൊന്നമ്മയുടെ വീട്ടിലെത്തി വീട്ടാവശ്യത്തിനുള്ള സാധനങ്ങളും ഒരു മാസത്തെ പെൻഷനും നൽകി. മാർച്ച് മാസം സർക്കാർ ഒരു മാസത്തെ പെൻഷനും നൽകിയിരുന്നു. എന്നാൽ മസ്റ്ററിംഗ് പൂർത്തികരിച്ചെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഇവർ ഹാജരാക്കിയില്ലായിരുന്നു. പിന്നീട് പൊന്നമ്മയുടെ മകൻ മായൻ വരുമാന സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ ഹാജരാക്കി. എന്നാൽ ആറ് മാസത്തെ പെൻഷൻ എന്ന സ്വപ്നം ബാക്കി വെച്ച് പൊന്നമ്മ ഇന്നലെ ഉച്ചയോടെ യാത്രയാകുകയായിരുന്നു. സംസ്കാരം ഇന്ന് നടക്കും.