
തലശേരി: ഹെറിറ്റേജ് സിറ്റിയെന്ന ആശയത്തെ വർണത്തിലും വെളിച്ചത്തിലും വിന്യസിപ്പിച്ച് തലശ്ശേരി നഗരം.കാർണിവലിനോടനുബന്ധിച്ചാണ് നഗരമാകെ വർണവിളക്കുകളാൽ അലങ്കരിച്ചിട്ടുള്ളത്.തലശ്ശേരിയുടെ പ്രതാപവും പൈതൃകവും വിളിച്ചറിയിക്കുന്ന ഇൻസ്റ്റലേഷനുകളും ഒരുക്കിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി കേക്കും സർക്കസും ക്രിക്കറ്റും അവതരിപ്പിക്കപ്പെട്ട നാടിന്റെ കഥയാണ് അലങ്കാരവിളക്കുകളിലൂടെ വിളിച്ചുപറയുന്നത്. ഒപ്പം കലയും സംസ്‌കാരവും രാഷ്ട്രീയവും വിളിച്ചുപറയുന്ന ഇൻസ്റ്റലേഷനുകളും. എം.ജി റോഡിലെ ബഒബാബ് മരത്തിന് സമീപംഗുണ്ടർട്ട് പുസ്തകങ്ങളുടെ ഇൻസ്റ്റലേഷനും സെൽഫി പോയിന്റുമുണ്ട്. നഗരത്തിലൂടെയുള്ള യാത്രക്കിടയിൽ കെ.രാഘവൻമാസ്റ്ററുടെ പാട്ടും കേൾക്കാം. തലശേരിയുടെ മഹാനായ സംഗീതജ്ഞനോടുള്ള ആദരവായാണ് പാട്ടൊരുക്കിയത്. എ.പി.ജെ അബ്ദുൾ കലാമിന്റെ പ്രതിമക്ക് സമീപമെത്തിയാൽ കലാമിന്റെ ശബ്ദം കേൾക്കാം.
സിറ്റി സെന്റർ മുതൽ കടൽപാലംവരെ നഗരത്തിലെ റോഡുകളാകെ വർണവിളക്കുകളാൽ അലങ്കരിച്ചിരിക്കുകയാണ്. റോഡുകളെ ലൈറ്റുകളുമായി ബന്ധിപ്പിച്ചതും കൗതുകം പകരുന്ന കാഴ്ചയാണ്. കടൽപാലവും ലൈറ്റ് ഹൗസുമെല്ലാം വെളിച്ചത്തിന്റെ വർണവിന്യാസത്തിൽ പുന:സൃഷ്ടിച്ചിരിക്കുന്നു. കടൽപാലം പരിസരത്ത് 'ലൗ തലശേരി'ക്ക് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ടീനേജുകാരുടെ തിരക്കാണ്.നഗരത്തെ അടിമുടി ഉത്സവക്കൊഴുപ്പിലെത്തിച്ചിരിക്കുകയാണ് കാർണിവൽ.