ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ വാഹനാപകടം. വീരാജ് പേട്ട ഭാഗത്തുനിന്നും കേരളത്തിലേക്ക് വളവുമായി വന്ന പിക്കപ്പ് ജീപ്പാണ് ആഴമേറിയ കൊല്ലിയിലേക്ക് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. മാക്കൂട്ടം വനപാതയിൽ സ്ഥിരം വാഹനാപകടമുണ്ടാകാറുള്ള കൊടും വളവിൽ വച്ച് ചെന്നൈയിൽ നിന്നും കണ്ണൂരിലേക്ക് വളം കയറ്റിവരികയായിരുന്ന പിക്കപ്പ് ജീപ്പ് ആണ് കൊല്ലിയിലേക്ക് മറിഞ്ഞത്. വാഹനം മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. പ്രതിരോധ വേലികളും മുന്നറിയിപ്പ് ബോർഡുകളും മാസങ്ങളായി തകർന്നു കിടപ്പാണ്. വാഹനങ്ങൾ ഇടിച്ചാണ് ഇവയെല്ലാം തകർന്നു കിടക്കുന്നതെങ്കിലും ഇവ പുനർ നിർമ്മിക്കാനോ മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ സ്ഥാപിക്കാനോ കർണാടക അധികൃതർ തയ്യാറാകുന്നില്ല. വാഹനങ്ങൾ ചുരമിറങ്ങി വരുമ്പോഴുള്ള കുത്തനെയുള്ള ഇറക്കത്തിലെ കൊടും വളവാണ് അപകടത്തിന് ഇടയാക്കാറുള്ളത്.