panchasarakalam

പയ്യന്നൂർ: വൈവിദ്ധ്യമേറിയ ചടങ്ങുകളാലും കൂട്ടായ്മകളാലും ശ്രദ്ധേയമായ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിന് മതമൈത്രി സന്ദേശവുമായി മുസ്ലിം തറവാട്ടിൽ നിന്നുള്ള പഞ്ചസാരക്കലം എത്തി. പൂർവാചാരവിധി പ്രകാരം കേളോത്തെ മുസ്ലിം തറവാട്ട് കാരണവരുടെ നേതൃത്വത്തിൽ വാദ്യമേളത്തോടെ ഘോഷയാത്രയായി ഇന്നലെ വൈകീട്ടാണ് പഞ്ചസാരക്കലം ക്ഷേത്രത്തിലെത്തിച്ചത്. ആചാരക്കാർ പഞ്ചസാരക്കലം ഏറ്റുവാങ്ങി ക്ഷേത്രം തൃപ്പടിയിൽ സമർപ്പിച്ചു.

കാപ്പാട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്ന നാളെ ഉച്ചക്ക് നൽകുന്ന അന്ന പ്രസാദത്തിലെ വിശിഷ്ടമായ കായക്കഞ്ഞിയിൽ മുസ്ലിംതറവാട്ടിൽ നിന്നെത്തിച്ച പഞ്ചസാര ചേർക്കും. ഇന്നലെ മാവിച്ചേരി ഭഗവതി ക്ഷേത്രത്തിൽ നിന്നും എടുത്തുപിടിച്ച് വരവ് കഴകത്തിലെത്തി. വൈകീട്ട് നടന്ന മാനവീയം സമ്മേളനം പ്രമോദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലൻ എം.എൽ.എ., ജില്ലാ ജഡ്ജി ടി.മധുസൂദനൻ എന്നിവർ വിശിഷ്ടാതിഥിയായിരുന്നു. വയലാർ ശരത്ചന്ദ്രവർമ്മ , ഡോ.ഉബൈസ് സൈനുലാബ്ദീൻ പ്രഭാഷണം നടത്തി. കെ. എം. ദാമോദരൻ സ്വാഗതവും ടി.പി. സുജയ നന്ദിയും പറഞ്ഞു.

ഏഴാം കളിയാട്ട ദിനമായ ഇന്ന് ശനിയാഴ്ച വൈകീട്ട് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും ഉച്ചതോറ്റം , പുതിയാറമ്പൻ ദൈവം വെള്ളാട്ടം, മംഗലക്കുഞ്ഞുങ്ങളോടപ്പമുള്ള പ്രധാന ഭഗവതിമാരുടെ തോറ്റം എഴുന്നള്ളത്ത്, രാത്രി 11 ന് ഭഗവതിമാരുടെ അന്തി തോറ്റം എന്നിവ നടക്കും. നാളെ ( ഉച്ചക്ക് ഭഗവതിമാരുടെ തിരുമുടി നിവരും.