നീലേശ്വരം: ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി നീലേശ്വരം ബസ് സ്റ്റാൻഡ് അടച്ചിട്ടതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരം അശാസ്ത്രീയമാണെന്ന് ആരോപണം. കഴിഞ്ഞദിവസം മുതലാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കിയത്. ഇന്നലെ ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു.
പയ്യന്നൂർ ഭാഗങ്ങളിൽ നിന്ന് ദേശീയപാത വഴി വരുന്ന ബസുകൾ രാജാറോഡ് വഴി നഗരത്തിൽ പ്രവേശിച്ച് ബസാറിൽ നിന്ന് തളിയിൽ അമ്പലം റോഡ് വഴി വൺവേ ആയി രാജാ റോഡിലെ പെട്രോൾ ബങ്കിന് സമീപം നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് രാജാറോഡ് വഴി തന്നെ തിരിച്ച് പോകണമെന്നുതാണ് ഒരു നിർദ്ദേശം. പയ്യന്നൂർ, കാഞ്ഞങ്ങാട് ഭാഗത്തേക്ക് കിഴക്കൻ മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിന് മുന്നിലൂടെ വന്ന് പെട്രോൾ ബങ്കിന് സമീപം നിർത്തി രാജാറോഡ് വഴി ദേശീയപാതയിലേക്ക് പോകുന്നു. ദേശീയപാത വഴി വന്ന് കിഴക്കൻ മേഖലയിലേക്ക് പോകുന്ന ബസുകളും തളിയിൽ അമ്പലം റോഡ് വഴി വന്ന് ബസ് സ്റ്റാൻഡിന് മുന്നിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് പോകണം. നിലവിൽ നീലേശ്വരം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ കോൺവെന്റ് ജംഗ്ഷന് സമീപം നിർത്തിയിടണമെന്നാണ് മറ്റൊരു തീരുമാനം. നിയന്ത്രണങ്ങൾ ഏറെ ദുഷ്‌കരമാണെന്ന് ബസ് ജീവനക്കാർ പറയുന്നു.
ഇതിന് പകരം ബസുകൾ മാർക്കറ്റ് ജംഗ്ഷനിൽ പാർക്ക് ചെയ്ത് പുറപ്പെടുന്ന സമയത്ത് രാജാറോഡിലേക്ക് വരുന്ന രീതിയിൽ ക്രമീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. പെട്രോൾ ബങ്കിന് മുൻവശം യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കാനുള്ള യാതൊരു സൗകര്യവും അധികൃതർ ഒരുക്കിയിട്ടില്ല. ഇപ്പോൾ പൊരിവെയിലത്താണ് യാത്രക്കാർ ബസ് കാത്തുനിൽക്കേണ്ടത്. തൊട്ടടുത്ത സ്ഥലം ഓട്ടോറിക്ഷ പാർക്കിംഗ് ഒരുക്കുന്നതിനായി മണ്ണ് കൊണ്ടിട്ടതിനാൽ പൊടിപടലവും രൂക്ഷമാണ്. വെയിലുകൊള്ളാതെ ബസ് കാത്തുനിൽക്കാൻ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം പണിയണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം പൂർത്തീകരിക്കാൻ രണ്ടര വർഷമെങ്കിലും വേണ്ടിവരും.
കാലാവധിക്കുള്ളിൽ പണി
തീർക്കാനാകുമോ?
ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് കരാർ. എന്നാൽ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ട്. വാഹന പാർക്കിംഗിനായി അണ്ടർഗ്രൗണ്ട് നിർമ്മിക്കേണ്ടതാണ് നിർമ്മാണത്തെ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയ്ക്ക് കാരണം. നാലുമീറ്റർ താഴ്ചയിൽ കുഴിയെടുത്താണ് അണ്ടർഗ്രൗണ്ട് നിർമ്മിക്കേണ്ടത്. എന്നാൽ ബസ് സ്റ്റാൻഡിന്റെ പരിസരത്ത് നിലവിൽ ഒന്നരമീറ്ററിൽ തന്നെ വെള്ളം ലഭിക്കുന്ന സ്ഥിതിയാണ്. അണ്ടർഗ്രൗണ്ടിന് കുഴിയെടുക്കുമ്പോൾ വെള്ളം ഒഴിവാക്കുക ഏറെ ശ്രമകരമാകും. പ്രതിസന്ധികളൊന്നും ഇല്ലെങ്കിൽ നിശ്ചിത കാലാവധിക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാറുകാരൻ പറയുന്നത്.