expo
തലശ്ശേരി കാർണിവലിൽ കൃഷി വകുപ്പ് സജ്ജീകരിച്ച കേരള ഗ്രോ പ്രദർശന വിപണന എക്സ്‌പോ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: തലശ്ശേരി കാർണിവലിന്റെ ഭാഗമായി ജില്ലാ കോടതിക്ക് മുന്നിലെ സെന്റിനറി പാർക്കിൽ കൃഷി വകുപ്പ് സജ്ജീകരിച്ച കേരള ഗ്രോ പ്രദർശന വിപണന എക്സ്‌പോ സന്ദർശകർക്ക് പുത്തൻ കൃഷി അറിവുകളിലേക്കുള്ള വാതിൽ തുറക്കുന്നു. കാർഷിക രംഗത്തെ വൈവിദ്ധ്യങ്ങളറിയാനും കാർഷിക മേഖലയിലെ നൂതന ആശയങ്ങളും കൃഷി രീതികളും കർഷകരുടെ ഉത്പന്നങ്ങളും പരിചയപ്പെടാനും ഉതകുന്നതാണ് പ്രദർശനം.
40 ഓളം സ്റ്റാളുകളും 60 ഓളം സംരംഭകരുമുണ്ടിവിടെ. ഇതിൽ പരിയാരത്തെ കർഷകനായ സി.പി മുസ്തഫയുടെ കൃഷിയിടത്തിൽ വിളഞ്ഞ 69കിലോഗ്രാം ഭാരമുള്ള ഭീമൻചേനയാണ് പ്രധാന ആകർഷണം. മലയാളികൾ മറന്നുതുടങ്ങിയ ചെറുധാന്യങ്ങളായ കുതിരവാലി, പനിവരഗ്, മണിച്ചോളം, ചാമ, തിന, ചിയ തുടങ്ങിയവയുടെ ശേഖരം പാലക്കാട് അറ്റ് ഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടേതാണ്. വയനാട് ഗ്രാമവികാസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സ്റ്റാളിൽ ശുദ്ധമായ വിവിധതരം തേനുകളും മൂല്യ വർദ്ധിത ഉത്പന്നങ്ങളും വിൽപനയ്ക്കുണ്ട്. തേൻ എടുത്തതിന് ശേഷം ഉപേക്ഷിക്കുന്ന മെഴുകിൽ നിന്നും ലിപ്ബാമും സോപ്പുമടക്കമുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളടക്കം നിർമ്മിക്കുന്നു.

വളപ്രയോഗമില്ലാതെ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന കൈപ്പാട് അരി, മറ്റനേകം ജൈവ–കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളും വിൽപനയ്ക്കുണ്ട്. ജൈവ കർഷകനായ എ.പി കൃഷ്ണന്റെ പഴയകാല കാർഷിക, ഗൃഹ ഉപകരണങ്ങളുടെ പ്രദർശനം അതിശയിപ്പിക്കുന്നതാണ്. നൂതന കാർഷിക സാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിനായി കാർഷിക വിഗ്ദ്ധരെ ഉൾപ്പെടുത്തി കാർഷിക സെമിനാറും വരുംദിവസങ്ങളിൽ സംഘടിപ്പിക്കും.

നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.എം ജമുനാറാണി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി, എൻ. രേഷ്മ, ടി.പി ഷാനവാസ്, ഡോ. പി. ജയരാജ് എന്നിവർ സംസാരിച്ചു. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.കെ അനിൽ സ്വാഗതവും ആത്മ പ്രൊജക്ട് ഡയറക്ടർ നന്ദിയും പറഞ്ഞു.