kattu
കോളയാട് നിവാസികളെ ഭീതിയിലാക്കി ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തുകളിലൊന്ന്

പേരാവൂർ: പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കോളയാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തുകളെ ഒടുവിൽ വനത്തിലേക്ക് തുരത്തി. കോളയാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്താണ് കാട്ടുപോത്തുകളിറങ്ങി ഭീതിവിതച്ചത്. ഇന്നലെ രാവിലെ സ്കൂളിന് സമീപമെത്തിയ കാട്ടുപോത്തുകളെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനപാലകർ കാട്ടിലേക്ക് തുരത്തിയത്.

ഇന്നലെ രാവിലെ കാട്ടുപോത്തുകൾക്ക് മുന്നിൽ അകപ്പെട്ട കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാർ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇന്നലെ രാവിലെ കോളയാട് സെന്റ് കോർണേലിയസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള മനയാനിക്കൽ സെബാസ്റ്റ്യന്റെ പറമ്പിലാണ് രണ്ട് കാട്ടുപോത്തുകളെ കണ്ടത്. ഉടൻ തന്നെ നാട്ടുകാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവയെ വനത്തിലേക്ക് തുരത്താനുള്ള നടപടി തുടങ്ങി.

ആദ്യം പുത്തലം റോഡിലേക്ക് നീങ്ങിയ കാട്ടുപോത്തുകൾ പിന്നീട് കോളയാട് ടൗണിന് സമീപമുള്ള പഴയ സിനിമാ തിയേറ്ററിന് പിന്നിലെ വയലിൽ നിലയുറപ്പിക്കുകയായിരുന്നു. തുടർന്ന് താഴെ കോളയാട് ടൗണിലുൾപ്പെടെ ഗതാഗതം തടഞ്ഞ്, പടക്കം പൊട്ടിച്ചാണ് കാട്ടുപോത്തുകളെ റോഡ് കടത്തി കാട്ടിലേക്ക് തുരത്തിയത്.

റേയ്ഞ്ച് ഓഫീസർ സുധീർ നരോത്തിന്റെ നേതൃത്വത്തിൽ കണ്ണവം റേയ്ഞ്ച് ഓഫീസർ അഖിൽ നാരായണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വിനോദ് കുമാർ, സി.കെ. മഹേഷ്, കെ. സുരേന്ദ്രൻ, ഫോറസ്റ്റ് ഓഫീസർ സുനിൽ, മറ്റ് വാച്ചർമാർ, ബീറ്റ് പൊലീസ് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാട്ടുപോത്തുകളെ തുരത്തിയത്.

ഭീഷണിയായി കാട്ടാനയും കാട്ടുപന്നികളും

കണ്ണവം വനമേഖലയിൽ നിന്നും ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്ന കാട്ടുപോത്തുകൾ പ്രദേശവാസികൾക്കും, യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാവുകയാണ്. ഇതുവരെ വാഹനയാത്രക്കാരെ ആക്രമിക്കാതിരുന്നത് മാത്രമാണ് ഏറെ ആശ്വാസകരം. കോളയാട് ടൗണും പരിസര പ്രദേശങ്ങളിലും തുടർച്ചയായ രണ്ടാം ദിവസമാണ് കാട്ടുപോത്തുകളിറങ്ങിയത്. കാട്ടുപോത്തുകൾ മാത്രമല്ല കാട്ടാനയും കാട്ടുപന്നികളും നിരന്തരമായി ജനവാസ കേന്ദ്രങ്ങളിലെത്തുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയുമാണ്.

രൂക്ഷമായ വന്യമൃഗശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികൾ വനം വകുപ്പ് സ്വീകരിക്കണം
റോയി പൗലോസ്, പഞ്ചായത്തംഗം