 
പയ്യന്നൂർ: ഇരുപത്തിയെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഭക്തജനങ്ങൾക്ക് സായൂജ്യമേകി കാപ്പാട്ട് കഴകം തിരുമുറ്റത്ത് ഇന്ന് ഉച്ചയ്ക്ക് ഭഗവതിമാരുടെ തിരുമുടി നിവരും.
ഉച്ചയ്ക്ക് 12ന് മമ്പലം പടിഞ്ഞാറ്റയിൽ തറവാട്ടിൽ നിന്ന് കലശം വരവും കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് തേളപ്രത്ത് തറവാട്ടുകാരുടെ മീനമൃതും കഴകത്തിലെത്തും. തുടർന്നാണ് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി നിവരുക. സുരേഷ് ബാബു അഞ്ഞൂറ്റാൻ കാപ്പാട്ട് ഭഗവതിയുടെയും കുണ്ടോറ ബാലൻ പെരുവണ്ണാൻ പോർക്കലി ഭഗവതിയുടെയും തിരുമുടിയേറ്റും. പെരുങ്കളിയാട്ടത്തിന്റെ ഏഴാം നാളായ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് കൂത്തും വൈകീട്ട് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും ഉച്ചതോറ്റവും പുതിയാറമ്പൻ ദൈവം വെള്ളാട്ടത്തിനും ശേഷം മംഗലം കുഞ്ഞുങ്ങളോടൊപ്പമുള്ള പ്രധാന ഭഗവതിമാരുടെ തോറ്റം എഴുന്നള്ളത്ത് നടന്നു.
രാത്രി 11ന് കാപ്പാട്ട്, പോർക്കലി ഭഗവതിമാരുടെയും അന്തിത്തോറ്റത്തിന് ശേഷം ഇന്നു പുലർച്ചെ 12.30 ന് കൊടിയിലത്തോറ്റം, ഒരു മണിക്ക് മടയിൽ ചാമുണ്ഡി തോറ്റം, വിഷ്ണുമൂർത്തി തോറ്റം, 2ന് മേലേരിക്ക് അഗ്നി പകരൽ, തുടർന്ന് പുള്ളി ഭഗവതി, ചങ്ങാലി ഭഗവതി, പുതിയാറമ്പൻ ദൈവം, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ തെയ്യക്കോലങ്ങൾ അരങ്ങിലിറങ്ങും.
ഇന്നലെ ഉച്ചയ്ക്ക് മമ്പലം ഭഗവതി ക്ഷേത്രം പൂരക്കളി സംഘം, കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രം പൂരക്കളി സംഘം, കൊടക്കാട് പണയക്കാട്ട് ഭഗവതി ക്ഷേത്രം പൂരക്കളി സംഘങ്ങൾ അവതരിപ്പിച്ച പൂരക്കളി അരങ്ങേറി. വൈകീട്ട് നടന്ന സമാപന സമ്മേളനം ജസ്റ്റിസ് അനു ശിവരാമൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് വി.ജി. അരുൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജഡ്ജിമാരായ കെ. സോമൻ, സി. സുരേഷ് കുമാർ, എം. വിജിൻ എം.എൽ.എ , സംഗീത നാടക അക്കാഡമി ചെയർമാൻ പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, ചലച്ചിത്രതാരം വിധുബാല, ടി.പി. ഭാസ്കരപൊതുവാൾ, മൗലവി സിറാജുദ്ദീൻ ദാരിമി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കാപ്പാട്ട് സംസ്കൃതി മ്യൂസിക് ആൽബത്തിന്റെ പ്രകാശനവും നടന്നു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി.വി. രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.വി. അമരേശൻ സ്വാഗതവും കെ. പ്രദീപൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് സിനിമ പിന്നണി ഗായകൻ സുധീപ് കുമാർ നയിച്ച മെഗാ മ്യൂസിക്കൽ ഷോ അരങ്ങേറി.