ഇരിട്ടി: പടിയൂർ ഗ്രാമപഞ്ചായത്തിലെ മണ്ണേരി ഓടക്കടവ് തറക്കിനാൽ ജോമോന്റെ വീട്ടിലെ പശു 20 ലിറ്റർ റബ്ബർ പാൽ കുടിച്ചു. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന പശു, ബക്കറ്റിൽ ശേഖരിച്ചിരുന്ന റബ്ബർ പാൽ കുടിക്കുകയായിരുന്നു. തുടർന്ന് പടിയൂർ മൃഗാശുപത്രിയിലെ വെറ്ററിനറി സർജനെ വിവരമറിയിക്കുകയും, ഡോ. ആസിഫ് എം.അഷ്റഫ്, ഡോ.റിൻസി തെരേസ, ഡോ. ടി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പശുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയും ചെയ്‌തു. അപകട നില തരണം ചെയ്ത പശു ഡോക്ട‌ർമാരുടെ മേൽനോട്ടത്തിൽ തുടർചികിത്സയിലാണ്.