മടിക്കൈ: പുളിക്കാൽ പാലം നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പൈപ്പുകൾ പൊട്ടിയതിനെ തുടർന്ന് തടസപ്പെട്ട കുടിവെള്ള വിതരണം കരാറുകാരന്റെ സഹായത്തോടെ പുനഃസ്ഥാപിക്കും. പാലം പണിക്കായി മണ്ണ് നീക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പ് ലൈൻ തകർന്നത്. തുടർന്ന് ദിവസങ്ങളോളമായി പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ജല വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ ധാരണയായത്. മണക്കടവ് പമ്പിംഗ് സ്റ്റേഷനും സംഘം സന്ദർശിച്ചു. പഞ്ചായത്തിന്റെ മറ്റു മേഖലകളിലും മുണ്ടോട്ട് തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ള പൈപ്പുകൾ പൊട്ടിയിട്ടുണ്ട്. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിൽ ഓരോ മാസവും അവലോകന യോഗം ചേരാനും തീരുമാനിച്ചു.
സൂപ്രണ്ടിംഗ് എൻജിനീയർ കെ.സുദീപ്, എക്സിക്യൂട്ടീവ് എൻജിനീയർ എം.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്. സ്ഥലം സന്ദർശിച്ച ശേഷം പഞ്ചയത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ യോഗം ചേർന്നു. പ്രസിഡന്റ് എസ്.പ്രീത, വൈസ് പ്രസിഡന്റ് വി.പ്രകാശൻ, കെ.വി.പ്രമോദ്, രമ പത്മനാഭൻ, ശശീന്ദ്രൻ മടിക്കൈ, ബി.ബാലൻ, കെ.പ്രഭാകരൻ, സെക്രട്ടറി കെ.ബിജു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ജൽജീവൻ മിഷനിൽ പ്രതീക്ഷ
വേനൽ കനത്തതോടെ പ്രദേശത്ത് കിണറുകളും കുളങ്ങളും വറ്റിവരളാൻ തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തിന്റെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയിൽ ജൽജീവൻ മിഷൻ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും നിലവിലെ ജലവിതരണ ശൃംഖലകളുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
നിലവിലുള്ള ജലാശയങ്ങളും തോടുകളും സംരക്ഷിക്കുന്നതിന് പഞ്ചായത്ത് മുൻഗണന നൽകിയിട്ടുണ്ട്. അവ സംരക്ഷിക്കാൻ പൊതുജനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. കുടിവെള്ള വിതരണം മെച്ചപ്പെടുത്താൻ പഞ്ചായത്ത് പ്രാധാന്യം നൽകുന്നു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത