പയ്യന്നൂർ: ഇരുപത്തിയെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം നൽകി കാപ്പാട്ട് കഴകത്തിൽ പ്രധാന ആരാധനാമൂർത്തികളായ കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും തിരുമുടി നിവർന്നു. വരച്ചുവയ്ക്കൽ ദിവസം ജന്മജ്യോത്സ്യൻ ഗണിച്ചു നൽകിയതുപ്രകാരം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 12.16 നും 1.04നും ഇടയിലാണ് അമ്മ ദേവതമാരുടെ തിരുമുടി ഉയർന്നത്. ഭക്തർ പൂവും അരിയുമിട്ട് ദേവതമാരെ വരവേറ്റു.
രാവിലെ മുതൽ അരങ്ങിലെത്തിയ ഉപദേവതമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ അമ്മ തമ്പുരാട്ടിമാരുടെ എഴുന്നള്ളത്തിന് തിരുമുറ്റമൊരുങ്ങി. പിന്നാലെ ഭഗവതിമാർക്കുള്ള കലശവും മീനമൃതും കഴക സന്നിധിയിൽ എത്തിച്ചേർന്നു. കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും തേളപ്രത്ത് തറവാട്ടുകാരുടെ നേതൃത്വത്തിലാണ് മീനമൃത് സമർപ്പിച്ചത്.
മമ്പലം പടിഞ്ഞാറ്റിൽ തറവാട്ടിൽ നിന്നുമായിരുന്നു കലശം എഴുന്നള്ളിപ്പ്. ആചാരപ്പെരുമയിൽ വാദ്യമേളത്തിന്റെയും പുരുഷാരത്തിന്റെ ആർപ്പുവിളികളുടെയും അകമ്പടിയോടെയാണ് കലശവും മീനമൃതും കഴകത്തിലേക്ക് ഘോഷയാത്രയായി എത്തിയത്.
പിന്നാലെ ഭഗവതിമാരുടെ തിരുമുടി ഉയരുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തിരുമുറ്റത്ത് വീക്ക് ചെണ്ടയുടെ താളത്തിൽ തോറ്റം പാട്ട് ഉയർന്നതിന് പിന്നാലെ പുതിയ പട്ടുടയാടകളും സർവ്വാഭരണങ്ങളുമണിഞ്ഞ് അമ്മ ദേവതമാർ കാപ്പാട്ടിന്റെ തിരുമുറ്റത്ത് പ്രത്യക്ഷപ്പെട്ടു. 42 അടി നീളം വരുന്ന തിരുമുടി അനന്തവിഹായസ്സിലേക്ക് ഉയർന്നതോടെ ഭക്തരുടെ മനംകുളിർപ്പിച്ച് കൃഷ്ണപരുന്ത് കാപ്പാട്ടിന്റെ ആകാശത്ത് വട്ടമിട്ട് പറന്നു.
അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള പെരുമ്പറയുടെയും വാദ്യമേളത്തിന്റെയും അകമ്പടിയിൽ കലശത്തോടൊപ്പം മൂന്ന് തവണ ക്ഷേത്രം വലം വെച്ച് താലികെട്ട് മംഗലത്തിനായി കാപ്പാട്ട് ഭഗവതി ക്ഷേത്ര നടയിൽ എത്തിച്ചേർന്നു. താലികെട്ടാൻ അന്തിത്തിരിയൻ എത്തിയതോടെ കൂട്ടത്തിൽ നിന്ന് ശബ്ദമുയർന്നു. അന്തിത്തിരിയന് വാലായ്മ. അതോടെ ഭഗവതിയുടെ പന്തൽ മംഗലം മുടങ്ങുകയും അമ്മ നിത്യകന്യകയായി തീരുകയും ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞുവെന്നുമാണ് ഐതീഹ്യം. ഞായറാഴ്ച്ച പുലർച്ചെ മുതൽ പുള്ളി ഭഗവതി, ചങ്ങാലി ഭഗവതി, മടയിൽ ചാമുണ്ഡി, പുതിയാറമ്പൻ ദൈവം, വിഷ്ണുമൂർത്തി, ഗുളികൻ എന്നി തെയ്യങ്ങളും കെട്ടിയാടി. ആചാര വിധി പ്രകാരം മുറിച്ചെടുത്ത നാൾമരം കൊണ്ടുള്ള 101 മേലേരി കൈയേൽക്കലും നടന്നു.
ഏഴ് നാളുകളിലായി നടന്ന പെരുങ്കളിയാട്ടത്തിൽ മുപ്പത്തിയൊമ്പത് തെയ്യക്കോലങ്ങളാണ് അരങ്ങിലെത്തിയത്. പെരുങ്കളിയാട്ടം സമാപന ദിവസമായ ഇന്നലെ രണ്ടു കൂട്ടം പായസവും അഞ്ചോളം കറികളുമായി വിഭവ സമൃദ്ധമായ അന്നപ്രസാദമാണ് ഉച്ചയ്ക്ക് 11.30 മുതൽ രാത്രി വരെ നൽകിയത്.