 
ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്തിവിടുന്ന ദൗത്യത്തിന് ആദ്യ ദിവസം വിജയം. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ട് ഘട്ടങ്ങളായി തിരിച്ചാണ് ശ്രമം തുടരുന്നത്. ഇതിന്റെ മുന്നോടിയായി ഫാം പ്രദേശത്ത് 144 നിയമ പ്രകാരം സബ് കളക്ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു.
ഫാമിലും പുനരധിവാസ മേഖലയിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചതോടൊപ്പം ആദിവാസി പുനരധിവാസ മിഷൻ അധികൃതർ ശനിയാഴ്ച മൈക്ക് പ്രചാരണവും നടത്തിയിരുന്നു. തളിപ്പറമ്പ് റേഞ്ചിൽ നിന്നടക്കമുള്ള ആർ.ആർ.ടി അംഗങ്ങൾ, ആറളം ഫാമിലെ സെക്യൂരിറ്റി സ്റ്റാഫ് അംഗങ്ങൾ, പൊലീസ്, ടി.ആർ.ഡി.എം, ആരോഗ്യവകുപ്പ് എന്നിവരടങ്ങുന്ന നാൽപ്പതോളം വരുന്ന സംഘങ്ങൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ദൗത്യം ആരംഭിച്ചത്.
ആറളം ഫാം സ്‌കൂളിന് സമീപം കാട് നിറഞ്ഞ പ്രദേശങ്ങളിൽ തമ്പടിച്ചു കിടന്ന ആനകളെ കണ്ടെത്താനുള്ള ശ്രമമാണ് ആദ്യം തുടങ്ങിയത്. മേഖലയിൽ ആനകളെ കണ്ടെത്തിയതോടെ പടക്കം പൊട്ടിച്ചും, മരം വെട്ട് യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് ശബ്ദമുണ്ടാക്കിയും ഇരു സംഘങ്ങളും ആനകളെ അടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടയിൽ രണ്ട് കുട്ടികളടക്കം മൂന്നാനകൾ വളയംചാൽ - കീഴ്പ്പള്ളി റോഡ് മുറിച്ചുകടന്ന് കോട്ടപ്പാറ മേഖലയിലേക്ക് കടന്നു. കോട്ടപ്പാറ മേഖലയിലെത്തിയ അഞ്ചിലേറെ ആനകളെ വൈകുന്നേരത്തോടെ ദൗത്യസംഘം വനത്തിലേക്ക് കടത്തി വിട്ടു. വനാതിർത്തിയിൽ വനം വകുപ്പ് 10 ദിവസം കൊണ്ട് വൈദ്യുതി വേലി സ്ഥാപിച്ചതോടെയാണ് ഫാമിലെ വിവിധയിടങ്ങളിൽ തമ്പടിച്ചു കിടക്കുന്ന ആനകളെ വനത്തിലേക്ക് തുരത്തി വിടാനുള്ള ശ്രമം തുടങ്ങിയത്.
40 ആനകൾ കൃഷിയിടങ്ങളിൽ
ഫാമിന്റെ കൃഷിയിടത്തിൽ മാത്രം നാൽപ്പതിലേറെ ആനകൾ ഉണ്ടെന്നാണ് അനുമാനം. പുനരധിവാസ മേഖലയിലെ ആനകളെ മുഴുവൻ കാട് കടത്തി വിട്ട ശേഷമാണ് രണ്ടാം ഘട്ടം എന്ന നിലയിൽ ഇവയെ മുഴുവൻ കാടു കയറ്റുക. അടുത്ത ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം 4 മണിയോടെ ദൗത്യം തുടരുമെങ്കിലും അവധി ദിവസങ്ങൾ വരുന്ന 8,9,10 തീയതികളിലാണ് രണ്ടാം ഘട്ടം നടപ്പിലാക്കുക.
പരിശീലനം നേടിയവർ മുൻനിരയിൽ
കാട്ടാനകളെ തുരത്തുന്നതിനു പരിശീലനം ലഭിച്ച വനം വകുപ്പിലെ ജീവനക്കാരാണ് ദൗത്യത്തിന്റെ മുൻനിരയിൽ. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടന്നു വരുന്നുണ്ട്. കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.പ്രസാദ്, വനം ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാർ, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ഫാം അഡ്മിനിസ്‌ട്രേറ്റർ പി.കെ.നിതീഷ്, ടി.ആർ.ഡി.എം സൈറ്റ് മാനേജർ സി.ഷൈജു എന്നിവർ ദൗത്യത്തിന് നേതൃത്വം നൽകി.