photo-

രണ്ട് ഏക്കർ പുൽമേടുകളും സസ്യ-ജീവജാലങ്ങളും കത്തിനശിച്ചു

പഴയങ്ങാടി: ജൈവവൈവിദ്ധ്യ കേന്ദ്രമായ മാടായിപ്പാറയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് ഏക്കർ പ്രദേശത്തെ സസ്യ-ജന്തു വൈവിധ്യങ്ങൾ കത്തിച്ചാമ്പലായി.

ഇന്നലെ വൈകീട്ട് മൂന്നര മണിയോടെയാണ് മാടായി കോളേജിന് സമീപത്ത് തീപടർന്നത്. മിനിട്ടുകൾക്കകം രണ്ട് ഏക്കറയോളം പുൽമേട് അഗ്നിക്കിരയായി. ഒപ്പം അപൂർവങ്ങളായ സസ്യജന്തു വൈവിദ്ധ്യങ്ങളും എരിഞ്ഞൊടുങ്ങി. പാറയിലെ ചൂടും കാറ്റും തീ അതിവേഗത്തിൽ പടരുവാൻ കാരണമായി. പയ്യന്നൂരിൽ നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്. വേനൽക്കാലം ആരംഭിച്ചാൽ മാടായിപ്പാറയിൽ തീപിടുത്തം പതിവാണ്. നേരത്തെ മാടായിപാറയിലെ തവരതടം പ്രദേശത്തും മാടായിക്കാവ് ക്ഷേത്രം റോഡിനു സമീപവും വടുകുന്ദ ക്ഷേത്രപരിസരത്തും ജൂതക്കുളത്തിന് സമീപത്തായും മാടായി കോളേജിന് പിന്നിലായും പലതവണ തീപിടുത്തം ഉണ്ടായിരുന്നു.

മാടായി പാറയുടെ എല്ലാ ഇടങ്ങളിലും എത്തിപ്പെടാൻ റോഡുകൾ ഇല്ലാത്തത് തീ അണയ്ക്കാൻ ഫയർ ഫോഴ്സിന് പ്രയാസം നേരിടുന്നുണ്ട്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ.സി കേശവൻ നമ്പൂതിരി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.കെ അജിത് കുമാർ, ധനേഷ്, വിഷ്ണു, ഹോം ഗാർഡ് പി. രാമചന്ദ്രൻ എന്നിവർ ചേർന്നാണ് തീ അണച്ചത്.

വേണം ഇവിടെ ഒരു

അഗ്നി ശമനസേനാ കേന്ദ്രം

മാടായിപ്പാറയുടെ സമീപത്ത് അഗ്നിശമനസേനയ്ക്ക് കേന്ദ്രം ഒരുക്കണമെന്ന് ജനങ്ങൾ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട് എന്നാൽ അഗ്നിശമനസേനാ കേന്ദ്രം ഒരുക്കാൻ ആവശ്യത്തിന് സ്ഥലം ലഭ്യമല്ലാത്തതാണ് തടസ്സമാകുന്നത്. പഴയങ്ങാടിയിൽ അഗ്നിശമനസേനാ കേന്ദ്രം ഉണ്ടായാൽ വർഷവും ഉണ്ടാകുന്ന തീപ്പിടുത്തം തടയാൻ സാധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.മാടായിപ്പാറയിൽ തന്നെ സ്ഥലം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ദേവസ്വം ബോർഡ് ഭൂമി വിട്ട് നൽകാൻ തയ്യാറായില്ല. മാടായി പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്.കെ ആബിദ അടുത്തിലയിലെ പഞ്ചായത്തിന്റെ സ്ഥലം നൽകാൻ തയാറായെങ്കിലും അവിടെത്തേക്കുള്ള റോഡിന് വീതിയില്ലെന്ന കാരണത്താൽ തള്ളുകയായിരുന്നു.