cow

കണ്ണൂർ:അധികരിക്കുന്ന ചിലവ് , കാലാവസ്ഥാ വ്യതിയാനം, ഡിമാൻഡിലെ വ്യതിയാനങ്ങൾ, പാക്കേജിംഗ് പ്രശ്നങ്ങൾ, കുറഞ്ഞ ലാഭക്ഷമത എന്നിവയുൾപ്പെടെ ക്ഷീരമേഖലയെ നഷ്ടത്തിലാക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തുന്ന ഡയറി ഇന്നവേഷൻ സോൺ പദ്ധതിയുമായി ക്ഷീരവികസനവകുപ്പ് .പരിചയസമ്പത്തിൽ നിന്നും ചിട്ടയായ ആസൂത്രണത്തിൽ നിന്നും ആവഷ്ക്കരിച്ച പദ്ധതിയാണിതെന്ന് ക്ഷീരവികസനവകുപ്പ് അധികൃതർ പറഞ്ഞു.

പശുവിന്റെ ആരോഗ്യം, സുഖസൗകര്യങ്ങൾ, സുസ്ഥിര പാക്കേജിംഗ് , സുരക്ഷിത വിതരണശൃംഖല, അഗ്രി ഡാറ്റ പ്രയോജനപ്പെടുത്തൽ തുടങ്ങിയ അത്യാധുനിക രീതികളിലേക്ക് മേഖലയെ വിപുലീകരിക്കുകയുമാണ് ലക്ഷ്യം.കർഷകർക്കാവശ്യമായ ബോധവത്കരണം,ശാസ്ത്രീയ പശുപരിപാല രീതി എന്നിവ ഈ പദ്ധതിയിലൂടെ നടപ്പിലാക്കും.

പുതിയ സംരംഭകരെ മേഖലയിലേക്ക് ആകർഷിക്കുന്നതിനും സാങ്കേതികവിദ്യയിലൂടെ ക്ഷീരമേഖലയിലെ നൂതന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.പദ്ധതി ആരംഭിച്ച് കേരള സ്റ്റാർട്ട് അപ്പ് മിഷനെ സഹകരിപ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി ജെ.ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു.

പിടിച്ചുനിൽക്കാനാകാത്ത ചിലവ്

സമയത്തിന് ചികിത്സ കിട്ടാത്തതും കുളമ്പു രോഗമടക്കമുള്ളവയ്ക്ക് കൃത്യമായ കുത്തിവെപ്പ് ലഭിക്കാത്തതുമായ പ്രശ്നങ്ങൾ ക്ഷീരക‌ർഷകർ നേരിടുന്നുണ്ട്. കാലിത്തീറ്റ ഉൾപ്പെടെ കന്നുകാലി ഭക്ഷണവിലയും കുത്തനെ ഉയർന്നു. യാതൊരു മാനദണ്ഡവുമില്ലാതെയാണ് കാലിത്തീറ്റ വില ഉയരുന്നത്. വേനൽ ശക്തമായതോടെ വില വർദ്ധനയുടെ തോതും കൂടി. കനത്ത വേനലിൽ കന്നുകാലികളിൽ രോഗബാധ വ്യാപകമായിട്ടുണ്ട്. ചൂടു മൂലം പാൽ ഉത്പ്പാദനവും കുറഞ്ഞു. വൈക്കോലിനും കടുത്ത ക്ഷാമമാണ്. പന്ത്രണ്ടു മണിക്കൂറും തൊഴുത്തിൽ പണിയെടുക്കുന്ന കർഷകന് കൂലി പോലും തികയാത്ത സ്ഥിതി. പ്രതിസന്ധി കാരണം കർഷകർ ഈ മേഖല ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്. ഉത്പ്പാദന ചെലവിന് ആനുപാതികമായ വരുമാനം ഭൂരിഭാഗം പേർക്കും ലഭിക്കുന്നില്ല.

ക്ഷീരകർഷകർ ഈ മേഖലയിൽ നിന്നും പിന്നോട്ട് വലിയേണ്ട സ്ഥിതിയാണ് നിലവിൽ.വിലകയറ്റം,കാലാവസ്ഥാ വ്യതിയാനം ,പരിപാലനം ഇവയെല്ലാം പ്രതിസന്ധി സൃഷ്ടിക്കുകയാണ്.മേഖലയിൽ കാര്യമായ പൊളിച്ചെഴുത്ത് നടത്താൻ സർക്കാർ തയ്യാറാകണം

പി.വി.മോഹനൻ ,ക്ഷീരകർഷകൻ