
കണ്ണൂർ: ഓരോ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് തുടർന്നു വരുന്ന പ്രചരണത്തിലൂടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജനും റോഡ് ഷോയും ഗൃഹ സന്ദർശന പരിപാടികളുമായി എൻ.ഡി.എ. സ്ഥാനാർത്ഥി സി രഘുനാഥും കളം നിറഞ്ഞു. അതേ സമയം സ്ഥാനാർത്ഥിയുടെ ചിത്രം തെളിയാത്തതിനാൽ യു.ഡി.എഫ് ക്യാമ്പ് മൗനത്തിലാണ്. പോരാവൂർ മണ്ഡലംതല പര്യടനത്തിലായിരുന്നു ഇന്നലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.വി.ജയരാജൻ.പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്ര ദർശനത്തോടെയാണ് രഘുനാഥ് പ്രചരണം ആരംഭിച്ചത്.
തുടർന്ന് പയ്യാമ്പലത്ത് മാരാർജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കണ്ണൂർ പ്രഭാത് ജംഗ്ഷൻ മുതൽ കാൽടെക്സ് വരെ റോഡ് ഷോയും നടത്തി.
ലക്ഷ്യം വോട്ട് ചോർച്ച
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളറിയുന്ന മുൻ കോൺഗ്രസ് നേതാവ് എൻ.ഡി.എ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നത് കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫിന് വോട്ടുചോർച്ചയുണ്ടാക്കിയേക്കും.
കഴിഞ്ഞ തവണ കെ.സുധാകരൻ ലോക് സഭാ തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ ജയിച്ചപ്പോൾ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ചുക്കാൻ പിടിച്ചത് രഘുനാഥായിരുന്നു. സുധാകരന്റെ അടുത്ത അനുയായിയായ സി.രഘുനാഥ് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫിന്റെ പ്രചരണം. രഘുനാഥിന് പുറകെ സുധാകരനും ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന സോഷ്യൽ മീഡിയ പ്രചരണം സി പി.എം നടത്തിയിരുന്നു. അതേ സമയം രഘുനാഥിനെ മുൻനിർത്തി മുൻവർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിംഗ് ശതമാനം ഗണ്യമായി വർദ്ധിപ്പിക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.
കണക്കുകളിൽ ആശങ്ക
കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ്, സി കെ.പത്മനാഭൻ തുടങ്ങിയ ഉന്നതരായ നേതാക്കളുടെ തട്ടകമായിട്ടും കണ്ണൂരിൽ എൻ.ഡി.എയ്ക്ക് ലഭിക്കുന്ന വോട്ടിംഗ് നിലയിൽ നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്. എൻ.ഡി.എ. സ്ഥാനാർത്ഥി സി.കെ പത്മനാഭന് 2019ൽ ലഭിച്ചത് 68509 വോട്ടായിരുന്നു. ആകെ വോട്ടിന്റെ ആറര ശതമാനം മാത്രമാണിത്. കേന്ദ്ര ഭരണത്തിൽ 10 വർഷം പിന്നിട്ട പാർട്ടിയുടെ വോട്ടിംഗ് ശതമാനം മറ്റ് ജില്ലകളെ താരതമ്യം ചെയ്യുമ്പോൾ കണ്ണൂരിൽ മണ്ഡലത്തിൽ ദുർബലമാണെന്ന് നേതൃത്വം വിലയിരുത്തുന്നു.