kajal-raju-

കാസർകോട്: ജന്മനാ വലതു കൈപ്പത്തി ഇല്ലാതിരുന്നിട്ടും കഴിഞ്ഞ വർഷത്തെ സിവിൽസർവീസ് പരീക്ഷയിൽ 910ാം റാങ്ക് നേടി വിസ്മയമായ നീലേശ്വരം കുഞ്ഞിപ്പുളിക്കാലിലെ കാജൽരാജു ജില്ലാ കളക്ടർ കെ.ഇമ്പശേഖരനെ സന്ദർശിച്ചു. കളക്ടറുടെ ചേംബറിൽ പിതാവ് രാജു പിലാപ്പള്ളിയും മാതാവ് ഷീബയും ഇളയ സഹോദരനും കാജലിനൊപ്പമുണ്ടായിരുന്നു.

പ്രാക്ടിക്കൽ പ്രശ്നമായതിനാൽ സയൻസ് ഒഴിവാക്കി ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്ത കാജലിന്റെ തിളക്കമാർന്ന വിജയം സംസ്ഥാനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശ്രീലങ്കൻ അഭയാർത്ഥി കുടുംബാംഗമായി ജനിച്ച് നീലഗിരി പന്തല്ലൂർ പൊടച്ചേരി ഗ്രാമത്തിലെ തേയിലത്തോട്ടങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കഷ്ടപ്പെട്ട് സർക്കാർ വിദ്യാലയത്തിലെ അസൗകര്യങ്ങൾക്കിടയിൽ പഠിച്ച് കളക്ടറായ ഇമ്പശേഖറും പ്രതിസന്ധികളെ നേരിട്ട് ഉന്നതപദവിയിൽ എത്തിയ ഉദ്യോഗസ്ഥനാണ്. ഐ.എ.എസ് എന്ന മോഹം പൂർത്തിയാക്കുന്നതിനായി വീണ്ടും പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് കാജൽ രാജു കളക്ടറുടെ ഉപദേശത്തിനായി ഇന്നലെ ചേംബറിൽ എത്തിയത്. മദ്രാസ് ഐ.ഐ.ടിയിലെ പഠനമാണ് കാജലിന്റെ ഐ.എ.എസ് സ്വപ്നം ശക്തിപ്പെടുത്തിയത് . തിരുവനന്തപുരം ഐ ലേണിലായിരുന്നു പരിശീലനം . സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ മുഖേന കാജലിന് ഡിഫൻസിൽ സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായി നിയമനം കിട്ടിയിട്ടുണ്ട്. എന്നാൽ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി ഐ.എ.എസിന് തിരഞ്ഞെടുക്കപ്പെടുകയെന്ന ലക്ഷ്യത്തിലേക്ക് കഠിനപ്രയത്നം നടത്തുകയാണിപ്പോൾ ഈ 24കാരി.

സാധാരണ കുടുംബത്തിൽ ജനിച്ച കാജലിന്റെ രക്ഷിതാക്കൾ നൽകിയ പിന്തുണയും കരുത്തുമാണ് ആത്മവിശ്വാസം നൽകിയത്. ഐ.ഐ.ടി മദ്രാസിലെ എം.എ ഇന്റഗ്രേറ്റഡ് കോഴ്സിന് ശേഷം പരിശീലനത്തിലേക്ക് ഇറങ്ങുകയായിരുന്നു. മുൻ പ്രവാസിയും കർഷകനുമായ രാജു പിലാപ്പള്ളിയുടെയും എം. ഷീബയുടെയും മകളാണ് . സഹോദരൻ കരൺ രാജ് ചായ്യോത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ് .