kaduva

കേളകം: വന്യമൃഗഭീഷണിയിൽ പൊറുതിമുട്ടുന്നതിനിടെ കടുവയെ കണ്ടെന്ന വിവരത്തെ തുടർന്ന് കേളകം രാമച്ചി പ്രദേശം ഭീതിയിലേക്ക് . ടാപ്പിംഗ് തൊഴിലാളിയായ വളർകോട്ട് ബിജുവാണ് ഇന്നലെ പുലർച്ചെ 5.30 ഓടെ ജോലിക്ക് പോകുന്നതിനിടെ 150 മീറ്റർ മാത്രം ദൂരത്തായി കടുവയെ കണ്ടത്. ടോർച്ചുവെളിച്ചത്തിൽ താൻ കണ്ടത് വളരെ വലിയ കടുവയായിരുന്നുവെന്നാണ് ബിജു പറഞ്ഞു.

കടുവയെ കണ്ട് ഭയന്നോടിയ ബിജു അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. നേരത്തെയും ശാന്തിഗിരി, രാമച്ചി ഭാഗങ്ങളിൽ നാട്ടുകാരും ടാപ്പിംഗ് തൊഴിലാളികളും നിരവധി തവണ കടുവയെയും പുലിയെയും കണ്ടിരുന്നു. എന്നാൽ ഇവയിൽ ഒന്നിനെയും പിടികൂടാൻ വനംവകുപ്പിൽ നിന്നും നടപടിയുണ്ടായില്ല. വീണ്ടും കടുവയെ കണ്ടതോടെ പുറത്തിറങ്ങാൻ മടിക്കുകയാണ് ജനം. മേഖലയിലെ ഭൂരിപക്ഷം പേരും ജോലി ചെയ്യുന്ന റബ്ബർതോട്ടങ്ങളിലേക്ക് പ്രവേശിക്കാൻ ഭയക്കുകയാണ്.

കൂടുവെക്കു,​ദയവായി

ദിവസങ്ങൾക്ക് മുമ്പാണ് കൊട്ടിയൂർ പഞ്ചായത്തിലെ ഒറ്റപ്ലാവിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞത്. സന്ധ്യയ്ക്ക് ഏഴുമണിയോടെ ഓതർകുന്നേൽ റോയിയുടെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. അന്നും വനപാലകർ തിരച്ചിൽ നടത്തിയപ്പോൾ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാനായില്ല. കേളകം,​കൊട്ടിയൂർ പഞ്ചായത്തുകളുടെ അതിർത്തിയായ ഇക്കോ ടൂറിസം പ്രദേശത്താണ് ഇവയെ ഇടയ്ക്കിടെ കാണുന്നത്.

കഴിഞ്ഞ വർഷം പുലിപ്പേടി

കഴിഞ്ഞവർഷം മേഖലയിൽ നിരവധി പുലികളെ കണ്ടെത്തിയിരുന്നു.ജനവാസ മേഖലകളിൽ പുലികളോടൊപ്പം കടുവയെയും കണ്ടതോടെ കൂടുവെച്ച് പിടികൂടി ഇവയെ പ്രദേശത്ത് നിന്ന് മാറ്റണമെന്നാണ് ഭീതിയുടെ നടുവിൽ കഴിയുന്ന പ്രദേശവാസികളുടെ അഭ്യർത്ഥന.