
3 മാസത്തിനുള്ളിൽ പരിഹാരം വേണമെന്ന നിയമഭേദഗതിക്ക് പുല്ലുവില
തീർപ്പ് കാത്ത് കണ്ണൂരിൽ 573 ,കാസർകോട് 673 വീതം പരാതികൾ
കണ്ണൂർ: വിപണിയിൽ വിവിധ തട്ടിപ്പിന് ഇരയായവർ ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനിൽ സമർപ്പിച്ച പരാതികളിൽ പരിഹാരം വൈകുന്നു.കണ്ണൂരിൽ മാത്രം 573 പരാതികളാണ് കമ്മിഷന് മുന്നിൽ തീർപ്പ് കാത്ത് കെട്ടിക്കിടക്കുന്നത്. പലപ്പോഴും നഷ്ടപരിഹാരത്തുക നാമമാത്രമാകുന്ന ഘട്ടത്തിൽ പരാതി നൽകാൻ മടിക്കുന്ന സാഹചര്യം നിലനിൽക്കെയാണ് ചൂഷണത്തിനെതിരെ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നവരെ പോലും നിരാശരാക്കുന്ന തരത്തിൽ തീർപ്പ് വൈകുന്നത്.
ഉൽപ്പന്നങ്ങളുടെ നിലവാരക്കുറവ്, കേടുപാടുള്ള ഉത്പന്നങ്ങൾ ഓൺലൈനായി വിറ്റഴിക്കൽ, സുരക്ഷിതമല്ലാത്ത ഓൺലൈൻ ഇടപാടുകൾ, പണം നൽകിയിട്ട് സാധനം നൽകാതിരിക്കൽ, പരസ്യങ്ങളിലെ തട്ടിപ്പ് എന്നിങ്ങനെയാണ് ഉപഭോക്തൃകമ്മിഷന് മുന്നിൽ കൂടുതലായും എത്തുന്ന പരാതികൾ. നഷ്ടപരിഹാര കേസിന് കോടതിയിൽ ഫീസ് അടക്കേണ്ടതിനാൽ ചെറിയ നഷ്ടപരിഹാര തുക ലഭിക്കേണ്ട കേസുകളിൽ ഉപഭോക്താക്കൾ പരാതി നൽകാൻ മടിച്ചിരുന്നു. എന്നാൽ 2019ൽ നിയമപ്രകാരം അഞ്ചുലക്ഷം വരെയുള്ള നഷ്ടപരിഹാര പരാതികൾക്ക് കോർട്ട് ഫീസ് ഒഴിവാക്കി.ഇതോടെ ആളുകൾ കൂടുതലായും കമ്മീഷനെ സമീപിച്ചുതുടങ്ങിയതാണ്. എന്നാൽ പരാതികൾ തീർപ്പാക്കാൻ കാലതാമസം നേരിടുന്നതോടെ പരാതി നൽകാനുള്ള പ്രവണത കുറയുന്ന സ്ഥിതിയാണ്.
ചാർജാകാതെ സെല്ലുകൾ
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ കേസുകൾ എത്രയും പെട്ടെന്ന് തീർപ്പാക്കാൻ കഴിഞ്ഞവർഷം കണ്ണൂർ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ മീഡിയേഷൻ സെല്ലുകൾ രൂപീകരിച്ചിരുന്നു. എന്നിട്ടും പാരാതി തീർപ്പാക്കുന്നതിൽ
വേഗത പോരെന്നാണ് ആക്ഷേപം.കൊവിഡ് കാലത്ത് ആരംഭിച്ച ഓൺലൈൻ ഹൈബ്രിഡ് സിറ്റിംഗ് സംവിധാനം ഇപ്പോഴും തുടരുന്നുണ്ട്. നിയമവിദഗ്ധർ നിയമസഹായം ലഭിക്കുന്നതിനാണിത്. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വെൽച്വൽ ഹിയറിംഗും നൽകുന്നുണ്ട്. ഇതിന് പുറമേ ഓൺലൈനായി പരാതി നൽകാൻ വെബ്‌സൈറ്റും നിലവിലുണ്ട് . കേസുകളുടെ വിവരങ്ങൾ ലഭിക്കാനും വെബ്സൈറ്റിൽ സംവിധാനമുണ്ട്.
സമീപജില്ലകളിൽ കെട്ടിക്കിടക്കുന്നത്
മലപ്പുറം 978
കോഴിക്കോട് 1475
വയനാട് 669
ഉപഭോക്തൃ സംരക്ഷണനിയമം അറിയാനുണ്ട്
1986ൽ ഉപഭോക്തൃ നിയമം നിലവിൽ വന്നു
2019 ആഗസ്റ്റ് ആറിന് നിയമഭേദഗതി പ്രകാരം ഒരു കോടി രൂപ വരെയുള്ള പരാതികൾക്ക് ജില്ലാ തലത്തിൽ പരിഹാരം
നേരത്തെ ജില്ലാ തലത്തിൽ 20 ലക്ഷം രൂപ വരെയുള്ള കേസുകൾ പരിഹരിക്കാനുള്ള അധികാരം മാത്രം
പുതിയ നിയമ പ്രകാരം ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ പേര് ജില്ലാ ഉപഭോക്തൃ കമ്മീഷൻ
ഇ കോമേഴ്സ് ഓൺലൈൻ വിൽപന മേഖലകളെ കൂടി പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലഭിക്കുന്ന പരാതി 3 മാസത്തിനകം തീർപ്പാക്കണമെന്ന് പുതിയ നിയമത്തിലെ വ്യവസ്ഥ
ഗുണനിലവാരം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനയോ ലാബ് ടെസ്റ്റോ ആവശ്യമാണെങ്കിൽ 5 മാസം വരെയാകാം
സംസ്ഥാന കമ്മീഷന് മുന്നിൽ അപ്പീൽ സമർപ്പിക്കാൻ ജില്ലാ കമ്മീഷൻ ഉത്തരവിട്ട തുകയുടെ 50 ശതമാനം കെട്ടിവെക്കണം.