
കണ്ണൂർ:മറവി രോഗികൾക്ക് പകൽവീട് ഒരുക്കി കണ്ണൂർ ഡിമെൻഷ്യാ കെയർ സൊസൈറ്റി.പള്ളിയാംമൂലയിൽ സൊസൈറ്റിയുടെ ആസ്ഥാന മന്ദിരമായ പ്രബോധിലാണ് മറവി രോഗികൾക്ക് പകൽ നേരങ്ങൾ ചിലിവിടാൻ അവസരമൊരുക്കുന്നത്.പള്ളിയാംമൂല കേന്ദ്രീകരിച്ച് 2015മുതൽ മറവി രോഗികൾക്കായുള്ള പ്രവർത്തനത്തിലാണ് ഈ സംഘടന.
രോഗികളും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിഞ്ഞാണ് ഈ സംരംഭം. രോഗികളുടെ ഏകാന്തത ഒഴിവാക്കി ആളുകളുമായി ഇടപഴകാനും ഊർജ്ജസ്വലരാക്കുകയുമാണ് ലക്ഷ്യം. പുസ്തകവായന, നടത്തം, ചിത്രരചന ആവശ്യമായ വ്യായാമം എന്നിവയും രോഗികൾക്കായി ഒരുക്കും.രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തനസമയം. വീട്ടുകാരുടെ പ്രയാസം കണക്കിലെടുത്ത് സൊസൈറ്റി വാഹനത്തിൽ തന്നെ കൂട്ടികൊണ്ടു വരികയും തിരിച്ചെത്തിക്കുകയും ചെയ്യും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്ന് തുക ചിലവൊഴിച്ചാണ് പകൽവീടിനായുള്ള ഇരുനില കെട്ടിടം
ഒരുക്കിയത്.കണ്ണൂർ ഡിമെൻഷ്യ കെയർ സൊസൈറ്റി ഭാരവാഹി കൂടിയായ രമേശ് ബാബു നൽകിയ അഞ്ച്
സെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്. നിലവിൽ ആറ് പേർക്കാണ് സൗകര്യം ലഭിക്കുക. പത്ത് കിലോ മീറ്റർ പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്.
വീട്ടിലുള്ളവർ ജോലിക്ക് പുറത്തേക്ക് പോകുന്ന സാഹചര്യത്തിൽ അൽഷിമേഴ്സ് ബാധിതരെ വീട്ടിൽ പൂട്ടിയിടുന്നതടക്കമുള്ള ഗുരുതര സ്ഥിതി നേരത്തെ സൊസൈറ്റി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കാര്യമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കണ്ണൂർ ഡിമെൻഷ്യാ കെയർ സൊസൈറ്റി ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്.
മറവി രോഗികൾ വർധിക്കുന്നു
ജില്ലയിൽ വർഷംതോറും മറവി രോഗികൾ വർദ്ധിക്കുന്നതായാണ് കണക്കുകൾ. അറുപത് വയസിന് മുകളിലുള്ളവരാണ് കൂടുതലും രോഗബാധിതർ. തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നൽകിയാൽ രോഗവ്യാപ്തി കുറക്കാമെങ്കിലും അവസാന സ്റ്റേജിലാണ് രോഗിയുടെ അവസ്ഥ വീട്ടുകാർ മനസ്സിലാക്കാറ്.രോഗവുമായി ബന്ധപ്പെട്ടുള്ള മരുന്നുകൾക്ക് ചിലവേറുമെന്നതിനാൽ സാധാരണക്കാർക്ക് ഇത് എളുപ്പമല്ല.
രോഗികളിലെ ഏകാന്തത ഒഴിവാക്കി ആളുകളുമായി ഇടപെഴകാനും അവരെ ഉൗർജ്ജസ്വലരാക്കുകയുമാണ്
പകൽവീടിന്റെ ലക്ഷ്യം. പല വീടുകളിലെയും പ്രയാസങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പകൽ വീട് ഒരുക്കുന്നത്.
കാർത്യായനി ഭാസ്കരൻ ,പ്രസിഡന്റ്,കണ്ണൂർ ഡിമെൻഷ്യാ കെയർ സൊസൈറ്റി