
കാസർകോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരന്റിയാണ് വോട്ടർമാർക്ക് തന്റെ ഉറപ്പെന്ന് കാസർകോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി എം.എൽ.അശ്വിനി പറഞ്ഞു. മോദി വന്നതിനുശേഷം ഭാരതത്തിലുടനീളം വലിയ മാറ്റങ്ങളാണ്. എൻ.ഡി.എയെ വിജയിപ്പിക്കാൻ ജനങ്ങൾ വലിയ ആവേശത്തിലാണ്. കേരളത്തിൽ ഈ മാറ്റം തടയാനാണ് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ശ്രമിക്കുന്നതെന്നും അശ്വിനി പറഞ്ഞു.
മഹിള മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കടമ്പാർ ഡിവിഷൻ മെമ്പറുമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ധ്യാപക ജോലി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ അശ്വിനി കന്നിയങ്കത്തിൽ 807 വോട്ടിന് ജയിച്ചു. പ്രചാരണത്തിനിടെ അവർ കേരളകൗമുദിയോടു സംസാരിച്ചു:-
?സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നോ
എന്റെ പേരു പരിഗണിക്കുന്നതായ വാർത്തകൾ ശ്രദ്ധിച്ചിരുന്നു. ഡൽഹിയിൽ നിന്നു പ്രഖ്യാപനം വന്നപ്പോഴാണ് അറിഞ്ഞത്. ഇതാണ് ബി.ജെ.പി സാധാരണക്കാരെ പരിഗണിക്കുന്ന പാർട്ടി.
?പ്രചാരണം മൂന്നുദിവസം പിന്നിട്ടപ്പോൾ
നല്ല പോസിറ്റീവാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ അമ്പലങ്ങളിൽ പ്രാർത്ഥന നടത്തിയാണ് പ്രചാരണം തുടങ്ങിയത്. കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ നല്ല സ്വീകരണം ലഭിച്ചു. മാടായിക്കാവ് ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു. ബുധനാഴ്ച ഇടനീർ മഠത്തിലെത്തി അനുഗ്രഹം തേടി. മധൂർ അമ്പലത്തിലും പോയി.
?വോട്ടർമാരുടെ നിലപാട്
ഇടതു, വലതു മുന്നണികൾ കാസർകോട്ടെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ഒരു മാറ്റവും ഉണ്ടാക്കിയില്ല. വികസന പദ്ധതികൾ കൊണ്ടുവന്നില്ല. ജയിക്കാൻ തന്നെയാണ് മത്സരിക്കുന്നത്. 2019ൽ എൻ.ഡി.എ സ്ഥാനാർത്ഥി നേടിയ വോട്ടിനേക്കാൾ വലിയ വർദ്ധനയുണ്ടാകും. വിദ്യാഭ്യാസമുള്ള പുതിയ തലമുറ മാറ്റം ആഗ്രഹിക്കുന്നു. കാസർകോടിന്റെ വികസനത്തിനായി കേന്ദ്ര പദ്ധതികൾ കൊണ്ടുവരും. പ്രധാനമന്ത്രി രാജ്യത്ത് നടപ്പിലാക്കുന്ന വികസനം തന്നെയാണ് വോട്ടർമാർക്ക് മുന്നിലേക്ക് വയ്ക്കുന്നത്. നിലവിലെ എം.പിയുടെ പരാജയവും സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധതയും തുറന്നു കാട്ടും.
?മലയാളം വഴങ്ങുമോ
കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തുളു, മലയാളം, തമിഴ് ഭാഷകൾ അറിയാം. മലയാളത്തിൽ സംസാരിക്കുന്നതും എഴുതുന്നതും കുറവാണ്. കല്യാണം കഴിഞ്ഞ് മഞ്ചേശ്വരത്ത് വന്ന ശേഷമാണ് മലയാളം പഠിച്ചത്.