
തൃക്കരിപ്പൂർ : അന്തരീക്ഷ താപനില ഉയർന്ന് ജലസ്രോതസുകൾ വറ്റിവരളാൻ ഇടയാക്കിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന പറവകൾക്ക് ദാഹജലമൊരുക്കി കുട്ടികൾ. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി .സ്‌കൂളിലെ നാലാം തരം വിദ്യാർത്ഥകൾ. സ്‌കൂൾ മുറ്റത്തും വീട്ടുപറമ്പിലുമായാണ് പക്ഷികൾക്ക് കുടിവെള്ളം ഒരുക്കിയത്.പരിസര പഠനത്തിലെ പക്ഷികളുടെ കൗതുക ലോകം എന്ന പാഠഭാഗം മനസിലാക്കയാണ് കുട്ടികൾക്ക് പറവകൾക്ക് സഹായവുമായെത്തയത്. കനത്ത ചൂടിനെ കുറിച്ച് അദ്ധ്യാപകൻ പറഞ്ഞപ്പോൾ തന്നെ ദാഹജലമൊരുക്കാൻ കുട്ടികൾ സന്നദ്ധരായി വരികയായിരുന്നു. മൺചട്ടി, പരന്ന പാത്രം എന്നിവയിലാണ് വെള്ളം നിറച്ചു വച്ചത്.വീട്ടുപ്പറമ്പിലെ കുഞ്ഞു മരത്തിൻമുകളിലൊക്കെ കുടിവെള്ള പാത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷികൾ വെള്ളം കുടിക്കുന്ന കാഴ്ച ആനന്ദകരമാണെന്നാണ് കുട്ടികളുടെ സാക്ഷ്യപ്പെടുത്തൽ. പ്രധാനാധ്യാപിക കെ.ആർ.ഹേമലത, മറ്റ് അദ്ധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.