
കൂത്തുപറമ്പ്: കാഴ്ചയും കേൾവിയും സംസാരശേഷിയുമില്ലാതിരുന്നിട്ടും കഠിനപ്രയത്നവും സർഗശേഷിയും കൊണ്ട് ജീവിതത്തെ തിരിച്ചുപിടിച്ച തലശ്ശേരി കുണ്ടുചിറ കാരുണ്യയിൽ വരപ്രത്ത് ആനന്ദകൃഷ്ണന്റെയും പ്രീതയുടേയും മകൾ സിഷ്ണ ആനന്ദ് പുതിയൊരു ദൗത്യത്തിലാണ്. തന്നെപോലെ ഇല്ലായ്മകളുമായി പിറന്നവരെ പരിശീലനത്തിലൂടെ മിടുമിടുക്കരാക്കാൻ തലശ്ശേരി മാടപീടികയിൽ കണ്മണി പ്രൊഡക്ഷൻ അക്കാഡമി എന്ന പേരിൽ പരിശീലനകേന്ദ്രം തുടങ്ങാനാണ് ഈ യുവതിയുടെ ആഗ്രഹം.
ഇരുപത് വർഷത്തോളം മുംബൈയിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച സിഷ്നയ്ക്ക് കമ്പ്യൂട്ടർ പവർ ബ്രെയിൽ ഉപയോഗിച്ച് എഴുതുവാനും വായിക്കുവാനും സാധിക്കും. മികച്ച മോട്ടിവേഷൻ സ്പീക്കർ,നർത്തകി, കുടകളും പൂക്കളും പേപ്പർബാഗുമടക്കം കരകൗശലവസ്തുനിർമ്മിക്കുന്നതിൽ വിദഗ്ധ, എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ ഈ മുപ്പതുകാരിക്ക് തന്റെ കഴിവുകൾ സമാനപ്രശ്നം നേരിടുന്ന കുട്ടികൾക്ക് പകർന്നുനൽകുകയെന്ന ദൗത്യമാണ് കൺമണി അക്കാഡമിയിലൂടെ പൂർത്തീകരിക്കേണ്ടത്.
നിലവിലുള്ള മലയാളം ബെയിൽ ഏറെ പ്രയാസമുള്ളതാണ്.ലളിതമായി എല്ലാവർക്കും ഉപയോഗിക്കാവുന്ന ഓപ്ഷൻ ഇല്ലാത്ത സോഫ്റ്റ്‌വെയർ ഉപയോഗപ്രദമാക്കാൻ രണ്ടുലക്ഷം രൂപയോളം വേണം. ഒരു സ്‌പോൺസറെ ലഭിച്ചാൽ കാഴ്ചയില്ലാത്ത നിരവധി പേർക്ക് ഇത് ഉപകാരപ്രദമാകുമെന്ന് സീഷ്ണ പറയുന്നു.
വിരൽതുമ്പിലാണ് ലോകം
മാസം തികയും മുമ്പ് ഹൃദയത്തിന് തകരാറോടെ ജനനം.രണ്ടുകണ്ണിനും തിമിരവും.രണ്ടാം വയസ്സിൽ മുംബൈയിൽ വച്ച് ഹൃദയത്തിന് അടക്കം ആറ് ഓപ്പറേഷനുകൾ. 2003ൽ മുംബൈയിലെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂഷൻ ഡെഫ് ബ്ലൈൻഡ് സ്‌കൂളിൽ ചേർന്നു. ടാക് ടെൽ സെൻ ലാംഗ്വേജിലൂടെ കൈവിരലുകൾ തൊട്ട് ആശയവിനിമയം പഠിച്ചു. മൊബൈൽ ഫോണിലെയും കമ്പ്യൂട്ടറിലെയും ടെസ്റ്റ് മെസ്സേജുകൾ പവർ ബ്രെയിൽ ലിപിയിലേക്ക് മാറ്റിയാണ് വായന. ഇ മെയിൽ, എസ്.എം.എസ്, ടൈപിംഗ്, കളറിംഗ് തുടങ്ങിയവയിൽ വൈദഗ്ധ്യം. സ്‌കൂളുകളിൽ മോട്ടിവേഷൻ ക്ലാസ് എടുക്കും, സെമിനാറുകളിൽ പ്രസംഗിക്കും.ഹെലൻ കെല്ലറുടെ ജീവിതം നാടകമാക്കി സംവിധാനം ചെയ്തതും മുഖ്യവേഷത്തിൽ അഭിനയിച്ചതും സീഷ്ണയാണ്.2023ലെ ഗോൾഡൻ ബുക്ക് അവാർഡിന് അർഹമായ സഞ്ജയ് അമ്പലംപറമ്പിന്റെ കണ്മണി എന്ന നോവൽ സിഷ്ണയുടെ ജീവിതകഥയാണ്. നാലുവർഷമായി കണ്ണൂർ ആസ്റ്റർമിംസിൽ തന്റെ കഴിവുകൾ പ്രയോജനപ്പെടുത്തി ജോലി നോക്കിവരികയായിരുന്നു