gold

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നാലു കേസുകളിലായി 1,36,01,710 രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ബുധനാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി കെ.കെ.ബഷീറിൽ നിന്ന് 47,74,020 രൂപ വിലവരുന്ന 753 ഗ്രാം സ്വർണം കണ്ടെടുത്തു. മിശ്രിതമാക്കി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ജിദ്ദയിൽ നിന്നെത്തിയ രണ്ടു സ്ത്രീകളിൽ നിന്ന് 23,47,320 രൂപ വരുന്ന 372 ഗ്രാം സ്വർണാഭരണങ്ങളും കസ്റ്റംസ് പിടിച്ചു. ഇതിന് പുറമെ വിമാനത്താവളത്തിലെ പുരുഷൻമാരുടെ ശുചിമുറിയിൽ നിന്ന് 64.80 ലക്ഷം രൂപയുടെ സ്വർണം ഉപേക്ഷിച്ച നിലയിലും കണ്ടെടുത്തു. ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ രണ്ടു ഷൂസുകളുടെ സോളിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1027 ഗ്രാം സ്വർണമിശ്രിതമാണ് കണ്ടെടുത്തത്. ഷാർജയിൽ നിന്നുള്ള വിമാനമെത്തിയതിന് പിന്നാലെയായിരുന്നു ഇത്.