
കണ്ണൂർ: രാത്രികാലത്ത് നഗരത്തിലെത്തുന്ന സ്ത്രീയാത്രികരുടെ സുരക്ഷയ്ക്കായി കണ്ണൂർ കാൾടെക്സ് ശിക്ഷക്‌സദനിൽ കോർപറേഷൻ ഒരുക്കിയ ഷീ ലോഡ്ജ് ഉദ്ഘാടനം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല. കഴിഞ്ഞ ഡിസംബർ 30ന് മേയറായിരുന്ന ടി.ഒ.മോഹനനാണ് വിപുലമായ രീതിയിൽ ഉദ്ഘാടനം നടത്തിയത്. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തുറക്കൽ വൈകുന്നതിന് പിന്നിലെന്നാണ് കോർപറേഷന്റെ വിശദീകരണം.
ഇങ്ങനെയൊരു സംവിധാനം ഉദ്ഘാടനം ചെയ്യപ്പെട്ടതറിഞ്ഞ് രാത്രിയിൽ നഗരത്തിൽ എത്തുന്ന പലരും സ്ഥാപനം സംബന്ധിച്ച് അന്വേഷിക്കാറുണ്ടെങ്കിലും ഒരു ഫോൺനമ്പർ പോലും ഇതിനായി കോർപറേഷൻ അധികൃതർ നൽകിയിട്ടില്ല. ഏകദേശം മൂന്നുവർഷങ്ങൾക്ക് മുൻപ് നിർമ്മാണം തുടങ്ങിയ കെട്ടിടമാണ് പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും ഉപകാരപ്പെടാതെ പോകുന്നത്.
മേയർ ചെയർമാനായും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർക്കിംഗ് ചെയർമാനായും കോർപറേഷൻ സെക്രട്ടറി കൺവീനറുമായി 18 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റി ഷീ ലോഡ്ജിന്റെ നടത്തിപ്പിനായി രൂപീകരിച്ചിരുന്നു.
നടത്തിപ്പ് ചുമതല കൈമാറിയില്ല
ലോഡ് ജിന്റെ നടത്തിപ്പ് കൈമാറാത്തതാണ് ഷീ ലോഡ്ജ് തുറക്കാൻ സാധിക്കാത്തതിന് പിന്നിൽ. പുതിയ ഭരണസമിതിയ്ക്ക് ചുമതല നൽകുന്നതിന് മുമ്പ് ധൃതിപ്പെട്ടാണ് ഉദ്ഘാടനം നടന്നത്. ഉദ്ഘാടനം കഴിഞ്ഞതിനാൽ ഇതിന് ശേഷം ചുമതലയേറ്റ പുതിയഭരണസമിതി ഇക്കാര്യത്തിൽ വലിയ താൽപര്യം കാട്ടിയതുമില്ല. സ്ത്രീകൾ നിയന്ത്രിക്കുന്ന സൊസൈറ്റികൾക്ക് നടത്തിപ്പ് കൈമാറാനാണ് കോർപറേഷന്റെ തീരുമാനം.ഇതിന്റെ ടെൻഡർ കഴിഞ്ഞ കൗൺസിൽ യോഗത്തിലാണ് അംഗീകരിച്ചത്. ടെൻഡർ ലഭിക്കുന്ന സൊസൈറ്റിയാണ് ഇനി സ്ഥാപനം നടത്തിക്കൊണ്ടുപോകേണ്ടത്.
തുടക്കം മുതൽ മെല്ലപോക്ക്
ഷീ ലോഡ്ജ് 2022 ആഗസ്റ്റ് അവസാനത്തോടെ തുറന്നു നൽകുമെന്നായിരുന്നു കോർപറേഷൻ നേരത്തെ അറിയിച്ചത്. തുടങ്ങിയും പുനരാംരംഭിച്ചും നിർമ്മാണം തന്നെ ഏറെ നീണ്ടു. ഷീ ഷെൽട്ടറിന് താഴെയായി നിർമ്മിച്ച ശൗചാലയവും അടച്ചിട്ടിട്ടാണ്. ഉദ്ഘാടനം നടന്ന് ഒരാഴ്ച മാത്രമാണ് ഇതു തുറന്നിരുന്നത്. അൻപതു ലക്ഷം രൂപ ചിലവിലാണ് ശൗചാലയം നിർമ്മിച്ചത്. താഴത്തെ നിലയിൽ മൂന്നു ടോയ്ലറ്റും ഒരു ബാത്ത്റൂമുമാണുള്ളത്. മുകളിലെ നിലയിൽ ആറ് ടോയ്ലറ്റും മൂന്ന് ബാത്ത് റൂമുകളും.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഷീ ലോഡ്ജുമായി ബന്ധപ്പെട്ട ബൈലോ അംഗീകരിച്ചിട്ടുണ്ട്.ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും.വൈകാതെ സ്ഥാപനം തുറന്നുപ്രവർത്തിച്ചുതുടങ്ങും
മുസ്ലിഹ് മഠത്തിൽ ,കോർപറേഷൻ മേയർ
കോർപറേഷൻ വനിതാ ഘടകപദ്ധതി ഷീ ലോഡ്ജ്
₹1 കോടി ചിലവ്
4 നിലകൾ
3 നിലകളിൽ ഡോർമെറ്ററി
45 ബെഡുകൾ
200 രൂപ ദിവസവാടക
8000 രൂപ പ്രതിമാസ വാടക