കാഞ്ഞങ്ങാട്: വളർത്തുനായയുടെ തൊണ്ടയിൽ കുടുങ്ങിയ ബ്ലേഡ് മൃഗാശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ നീക്കി. വെള്ളിക്കോത്തെ കൃഷ്ണന്റെ ഒമ്പതുമാസം പ്രായമായ വളർത്തുനായയുടെ തൊണ്ടയിലാണ് ബ്ളേഡ് കുടുങ്ങിയത്. രാത്രിയിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് ഹൊസ്ദുർഗ് മൃഗാശുപത്രിയിലെത്തിച്ചു ഡോക്ടർമാർ പരിശോധിച്ച ശേഷം തൊണ്ടയിൽ എന്തോ അകപ്പെട്ടതായി മനസിലാക്കുകയായിരുന്നു. നായയെ പടന്നക്കാട് എത്തിച്ച് എക്സ്‌റേ എടുപ്പിച്ചപ്പോഴാണ് തൊണ്ടയിൽ ബ്ലേഡ് കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാരായ എസ്.ജിഷ്ണു, ജി.നിധിഷ്, സവാദ്, സിഫാന എന്നിവർ ചേർന്ന് ഒന്നരമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തി ബ്ലേഡ് പുറത്തെടുത്തു.