mahe-bypass
മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പാത ട്രയൽ റണ്ണിന് തുറന്നു കൊടുത്തപ്പോൾ വാഹനങ്ങളുടെ തിരക്ക്

തലശ്ശേരി: നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ തലശ്ശേരി-മാഹി ബൈപാസ് റോഡ് 11ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിക്കും. ഗവർണ്ണർമാരായ ആരിഫ് മുഹമ്മദ് ഖാൻ, തമിഴ്സെ സൗന്ദർരാജൻ, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എൻ.രംഗസ്വാമി, കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്കരി, വി.മുരളീധരൻ, ഡോ: വി.കെ.സിംഗ്,മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, കെ.ലക്ഷ്മി നാരായണൻ, എം..പി.മാരായ വി. വൈദ്യലിംഗം, ഡോ.ശശി തരൂർ, കെ.സുധാകരൻ; എ.എ.റഹിം, ജോൺ ബ്രിട്ടാസ്, സെൽവഗണപതി, പി.സന്തോഷ് കുമാർ, ഡോ: വി.ശിവദാസ്, എം.എൽ.എമാരായ കെ.കെ.രമ, രമേശ് പറമ്പത്ത് സി.കെ.ഹരീന്ദ്രൻ, കെ.അൻസലൻ എന്നിവർ സന്നിഹിതരായിരിക്കും.

ഇതിന് മുന്നോടിയായി ട്രയൽ റൺ അനുവദിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. ദേശീയപാതാ വിഭാഗം റീജ്യണൽ ഓഫീസർ ബി.എൽ.മീണ, പ്രോജക്ട് ഡയറക്ടർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയ പാത ട്രയൽ റണ്ണിനായി തുറന്നു കൊടുത്തത്. റോഡ് തുറന്ന് അൽപ്പം സമയം വീണ്ടും അടച്ചിട്ടു. സർവീസ് റോഡിലൂടെ വാഹനങ്ങൾ ട്രാഫിക്ക് തെറ്റിച്ച് കടന്നു വന്നതിലാണ് റോഡ് അടച്ചത്. അധികൃതർ ബോധവത്ക്കരണം നടത്തി ട്രാഫിക്ക് നിയന്ത്രിച്ചു. മാഹി മേഖലയിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ മാഹി പൊലീസ് ഗതാഗതം നിയന്ത്രിച്ചു.

എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നിർമ്മാണ ചുമതല. ദശകങ്ങൾ നീണ്ട എതിർപ്പുകൾക്കും കോടതി വ്യവഹാരങ്ങൾക്കുമൊടുവിൽ 2018-ലാണ് കമ്പനി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. കൊവിഡ്, പ്രളയം എന്നീ കാരണങ്ങളാൽ പ്രവൃത്തി വൈകി. പാതയിൽ ജോലി ചെയ്ത് വന്ന തൊഴിലാളികളേയും പിൻവലിച്ചു.

18.6 കി.മീ ബൈപ്പാസ്

മുഴപ്പിലങ്ങാട് മുതൽ മാഹി -അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ബൈപ്പാസാണ് പൂർത്തിയാക്കിയത്. തലശ്ശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് മാഹിയും കടന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം. തലശ്ശേരിയിലെയും മാഹിയിലെയും തീരാശാപമായ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.

21 അണ്ടർ പാസുകൾ

മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ എത്തിച്ചേരുന്നത്. ഒരു ഓവർ ബ്രിഡ്ജ്, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുമുണ്ട്. മാഹിയിൽപെട്ട ഈസ്റ്റ് പള്ളൂരിലാണ് ഏക സിഗ്നൽ പോയിന്റ്.