
തൃക്കരിപ്പൂർ:അത്താണിയായിരുന്ന മകൻ ബ്ളഡ് കാൻസർ ബാധിച്ചു മരിച്ചു.അവന്റെ ചികിത്സയ്ക്ക് വേണ്ടി വീടും പറമ്പും വിറ്റതിനെ തുടർന്ന് തെരുവിലായപ്പോൾ ഉദാരമതികളുടെ സഹായത്താൽ അഞ്ചുസെന്റിലൊരു വീട് നിർമ്മിച്ചു. അപസ്മാരമടക്കം നിരവധി രോഗങ്ങളുമായി മല്ലിടുന്ന മെട്ടമ്മൽ സ്വദേശി രാമചന്ദ്രനെന്ന അറുപത്തിയഞ്ചുകാരനും ഭാര്യ പുഷ്പക്കും ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് ഒരു വഴി നൽകാൻ നവകേരളസദസിന് പോലും സാധിച്ചില്ല.
ജയിലിനകത്തേതു പോലെയാണ് മുൻ ദിനേശ് ബീഡി തൊഴിലാളിയായ രാമചന്ദ്രനും ഭാര്യ പുഷ്പയുടേയും ഇപ്പോഴത്തെ ജീവിതം. കൊയോങ്കരയിലുള്ള സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ നിലവിൽ ഒരു വഴിയുമില്ല. ചികിത്സക്കിടയിൽ 25കാരനായിരുന്ന മകൻ രാഹുലിനെ നഷ്ടപ്പെട്ട തീരാദുഃഖത്തിൽ കഴിയുന്ന ഈ വൃദ്ധ ദമ്പതികളുടെ വഴിമുടക്കിയ വിഷയം പൊലീസിനും പഞ്ചായത്ത് ഭരണസമിതിക്കും വില്ലേജോഫീസിനും ജില്ലാ കളക്ടർക്കും ഏറ്റവുമൊടുവിൽ നവകേരള സദസ്സിന് മുന്നിലുമെത്തി. പക്ഷെ പരിഹാരമായില്ല. സി.സി ടി.വി. മെക്കാനിക്കായ മകൻ ഇല്ലാതായതോടെ വരുമാനമാർഗ്ഗമടഞ്ഞ കുടുംബത്തിന്റെ ദൈന്യത അറിഞ്ഞാണ് മകന്റെ സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ ചേർന്ന് പുഷ്പയുടെ മാതാവ് നൽകിയ 5 സെന്റ് സ്ഥലത്ത് ഒരു വർഷം മുമ്പായി ചെറിയൊരു വീട് വച്ചത്. മകൾ രേഷ്മ വിവാഹിതയായി പോയ തോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ വീട്.
കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിന് പരിസരത്തായി വീട് നിർമ്മിക്കാനുള്ള അസംസ്‌കൃത സാധനങ്ങളൊക്കെ അയൽപക്കക്കാരുടെ പറമ്പിലൂടെയാണ് സ്ഥലത്തെത്തിച്ചത്. പക്ഷെ നിർമ്മാണം പൂർത്തിയായതോടെ അയൽവാസികൾ ഓരോരുത്തരായി അതിർത്തിയിൽ മതിൽകെട്ടി. ഏതാനും ദിവസം മുമ്പ് അപസ്മാരബാധിതനായ രാമചന്ദ്രനെ മൂന്നുനാലു പേർ ചേർന്ന് എടുത്ത് സാഹസപ്പെട്ട് മതിൽ കടത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
പുഷ്പയ്ക്ക് വല്ലപ്പോഴുമായി കിട്ടുന്ന തൊഴിലുറപ്പ് ജോലിയിലെ ചെറിയ വരുമാനം രാമചന്ദ്രന്റെ ചികിത്സയും വീട്ടുചിലവും നടക്കേണ്ടത്. കുടുംബത്തിന്റെ ആവശ്യം ബോദ്ധ്യപ്പെട്ടുവെങ്കിലും ജില്ലാഭരണകൂടത്തിനടക്കം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനായിട്ടില്ല.