
കണ്ണൂർ: അല്പം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ ആഗ്രഹിച്ച സ്ഥാനാർത്ഥിയെ ലഭിച്ചതോടെ കണ്ണൂരിൽ യു.ഡി.എഫും സർവസജ്ജമായി. കോൺഗ്രസ് അണികളെപ്പോലെ യു.ഡി.എഫിലെ ഘടകകക്ഷികളിലും കെ. സുധാകരൻ തന്നെ സ്ഥാനാർത്ഥിയായി വരണമെന്ന ആഗ്രഹത്തിലായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സ്ഥാനാർത്ഥിക്ക് പ്രവർത്തകർ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. യു.ഡി.എഫ് പാർലമെന്റ് മണ്ഡലം പ്രവർത്തക കൺവൻഷന് ശേഷം വരും ദിവസങ്ങളിലെ പര്യടന പരിപാടിക്ക് രൂപം നൽകാനാണ് തീരുമാനം.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുംമുൻപ് മുന്നണികൾ പോരാളികളെ പ്രഖ്യാപിച്ചെന്ന അപൂർവ്വതയുണ്ട് ഇക്കുറി. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഇടതുമുന്നണിയാണ്. പലരുടെയും പേരുകളിൽ ചുറ്റിത്തിരിഞ്ഞ് ഒടുവിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ കോട്ട പിടിക്കാൻ ഇടതുമുന്നണി നിയോഗിക്കുകയായിരുന്നു. പിന്നാലെ എൻ.ഡി.എ സ്ഥാനാർഥിയായി കോൺഗ്രസ് ബന്ധമുപേക്ഷിച്ച സി രഘുനാഥ് എത്തി.മത്സരത്തിനില്ലെന്ന് കെ.സുധാകരൻ പലവട്ടം പറഞ്ഞെങ്കിലും ലോക് സഭയിൽ പരമാവധി സീറ്റ് നേടേണ്ടതിനാൽ മറ്റൊരാളെ കണ്ണൂരിൽ സ്ഥാനാർത്ഥിയായി നിർത്താനാകില്ലെന്ന ഹൈക്കമാൻഡ് നിലപാടിന് മുന്നിൽ തീരുമാനം മാറ്റി.
പ്രചാരണത്തിരക്കിൽ ജയരാജൻ, രഘുനാഥ്
മുൻകാല നേതാക്കളുടെയും രക്തസാക്ഷികളുടേയും കുടുംബങ്ങളെയും സന്ദർശിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ പര്യടനം തുടരുന്നത്. ഇന്നലെ പേരാവൂർ നിയോജക മണ്ഡലത്തിലെ വിവിധ സ്വീകരണ പരിപാടികളിൽ പങ്കെടുത്ത സ്ഥാനാർത്ഥി ചില തൊഴിൽ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഓരോ മണ്ഡലത്തിലും മുൻകൂട്ടി തീയതി നിശ്ചയിച്ചാണ് പര്യടനം. എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥും പൗരപ്രമുഖരെയും ബലിദാനികളുടെ കുടുംബങ്ങളെയും സന്ദർശിച്ചു. ചില കേന്ദ്രങ്ങളിൽ റോഡ് ഷോകളും നടത്തി. നിയമസഭ തിരഞ്ഞെടുപ്പിൽ പിണറായിക്കെതിരെ മത്സരിച്ച ധർമ്മടത്തിലായിരുന്നു ഇന്നലെ രഘുനാഥ് വോട്ടുതേടിയിറങ്ങിയത്. കോൺഗ്രസ് പാളയത്തിലെ പഴയ സഹപ്രവർത്തകരെ സന്ദർശിച്ചും എൻ.ഡി.എ സ്ഥാനാർത്ഥി സഹായം തേടി.
നിലവിലുള്ള സാഹചര്യത്തിൽ പ്രചരണ രംഗത്ത് ഏറെ മുന്നേറിയിട്ടുണ്ട്. കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ കയറിയാണ് രഘുനാഥ് പ്രധാനമായും വോട്ടു തേടുന്നത്. ഇക്കുറി വോട്ട് ശതമാനം വർദ്ധിപ്പിക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
മമ്പറം സ്വതന്ത്രനാകുമോ?
കെ.സുധാകരനെ നേരിടാൻ മുൻ കോൺഗ്രസ് നേതാവ് രംഗത്തെത്തുമെന്ന അഭ്യൂഹം ശക്തമാണ്. മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരനാണ് കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇടതു ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ യഥാർത്ഥ കോൺഗ്രസുകാരനായി താൻ മത്സരിക്കുമെന്നാണ് മമ്പറത്തിന്റെ പ്രഖ്യാപനം. ഇതിനിടെ ദിവാകരനെ അനുനയിപ്പിക്കാൻ നീക്കം തുടങ്ങിയതായും അറിയുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു മമ്പറം ദിവാകരൻ.