പരിയാരം: ക്ഷേത്രങ്ങളിലെ ശിവരാത്രി ആഘോഷത്തിൽ മൈക്ക് ഉപയോഗം രാത്രി പത്ത് മണിക്ക് ശേഷവും നീണ്ടതോടെ പരിയാരം പൊലീസ് കേസെടുത്തു. കൈതപ്രം തൃക്കുറ്റേരി കൈലാസനാഥ ക്ഷേത്ര ഭാരവാഹികളായ ഇ.കൃഷ്ണൻ, കെ.കൃഷ്ണൻ, മൈക്ക് സെറ്റ് ഉടമ വിജയൻ എന്നിവർക്കെതിരെയും ചന്തപ്പുര വണ്ണാത്തിക്കടവ് വയത്തൂർ കാലിയാർ ശിവക്ഷേത്ര ഭാരവാഹികളായ പ്രിഥ്യു ബാബു, ചന്ദ്രൻ,​ മൈക്ക് സെറ്റ് ഉടമ രഘു എന്നിവർക്കെതിരെയുമാണ് പരിയാരം പൊലീസ് കേസെടുത്തത്.

എന്നാൽ പൊലീസിന്റെ ഇടപെടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി. കഴിഞ്ഞ മാസം 28ന് അറത്തിൽ പിലാത്തോട്ടം ക്ഷേത്രത്തിൽ നടന്ന ഗാനമേള പരിയാരം പൊലീസ് ഇടപെട്ട് നിർത്തിച്ചിരുന്നു. പുളിയൂലിൽ മൈക്ക് ഓപ്പറേറ്റർക്കെതിരെ കേസെടുത്ത സംഭവവും ഉണ്ടായി. ഇരുപതിലധികം കവർച്ചാ കേസുകൾ പരിയാരം സ്റ്റേഷൻ പരിധിയിൽ തെളിയാനുണ്ടെന്നും ഉത്സവാഘോഷം പോലെയുള്ളവ തടയാൻ കാണിക്കുന്ന ഉത്സാഹം ഈ കേസുകളിലെ മോഷ്ടാക്കളെ പിടിക്കാനും കാണിക്കണമെന്നും നാട്ടുകാർ പറഞ്ഞു.

മൈക്ക് ഓപ്പറേറ്റർമാർക്കെതിരെ കേസെടുക്കുന്നത് അവസാനിപ്പിക്കണം. സ്വതന്ത്രമായി ഭീതിയില്ലാതെ തൊഴിലെടുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെടണം.

സൗണ്ട് ആൻഡ് ഇല്യുമിനേഷൻ പന്തൽ വർക്കേഴ്സ് യൂണിയൻ

മറ്റ് പ്രദേശങ്ങളിലെ ഉത്സവ അനുബന്ധ പരിപാടികൾക്ക് പൊലീസ് തടസ്സമുണ്ടാക്കുന്നില്ല. പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് പൊലീസ് ഇടപെടൽ.

അറത്തിൽ പിലാത്തോട്ടം സ്വദേശി ദിലീപ്