photo-

പഴയങ്ങാടി:പിലാത്തറ-പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ എരിപുരത്തെ ട്രാഫിക്ക് സർക്കിൾ മരണ കെണിയാവുന്നു.നാലുറോഡുകൾ സംഗമിക്കുന്നിടത്ത് ഒരു ദിശാബോർഡ് പോലും വെക്കാത്തതിനാൽ ദൂരെനിന്നെത്തുന്ന ചരക്ക് വാഹനങ്ങളടക്കം വഴിതെറ്റുന്നതും അപകടം വരുത്തുന്നതും ഇവിടെ പതിവാണ്.

പാപ്പിനിശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ ഏഴോം റോഡിലേക്ക് കയറും.ചെറിയൊരു ദിശാബോർഡ് ഉണ്ടെങ്കിലും ഡ്രൈവർമാർക്ക് കാണാത്ത തരത്തിൽ ഇറക്കത്തിലാണ് സ്ഥാപിച്ചത്. റോഡിലേക്ക് കയറി നിൽക്കുന്ന ഒരു കെട്ടിടമാണ് ഇവിടെ കൂടുതലും പ്രശ്നം സൃഷ്ടിക്കുന്നത്. ഇത് പൊളിച്ച് മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല.റോഡിന് കിഴക്ക് കെ.എസ്.ടി.പി ഏറ്റെടുത്ത സ്ഥലത്തോട് ചേർന്ന് നിർമ്മിച്ച കെട്ടിടത്തിന്റെ ഉടമ സ്ഥലം കയ്യേറി ജനറേറ്റർ സ്ഥാപിച്ചതും ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുംവിധത്തിലാണ്.

സർക്കിൾ വന്നു;വീതി കുറഞ്ഞു
കെ.എസ്.ടി.പി റോഡ് പൂർത്തിയായപ്പോൾ വാഹനങ്ങൾക്ക് സൗകര്യപ്രദമായി കടന്നുപോകുന്ന തരത്തിൽ വീതിയുണ്ടായിരുന്നു. എന്നാൽ ട്രാഫിക് സർക്കിളും നാലു ഡിവൈഡറുകളും നിർമ്മിക്കാൻ സ്ഥലം മാർക്ക് ചെയ്തതോടെ സൗകര്യം കുറഞ്ഞു. പയ്യന്നൂർ ഭാഗത്തു നിന്നും, മാടായിപാറ ഭാഗത്തു നിന്നും ഇറങ്ങി വരുന്ന വാഹനങ്ങളാണ് ഇവിടെ കൂടുതലും അപകടത്തിൽപെടുന്നത്. എരിപുരം ഇറക്കം കഴിഞ്ഞാൽ വിരുദ്ധദിശകളിലേക്കുള്ള മൂന്നു വളവുകൾ കടക്കണം. ഇറക്കത്തിന് കിഴക്ക് റോഡോടു ചേർന്നുള്ള പുതിയ കെട്ടിടം തളിപ്പറമ്പു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കും. ഈ കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളും കാഴ്ച മറയ്ക്കുന്നതിൽ മുന്നിലാണ് .അശാസ്ത്രിയമായ ഇറക്കത്തിൽ സീബ്രാ ലൈനിട്ടതും അപകടത്തിന് കാരണമാക്കുന്നു.

ജംഗ്ഷനിൽ മൂന്ന് മീറ്റർ ആരത്തിൽ വൃത്തവും 2 മീറ്റർ വീതിയിൽ ഡിവൈഡറും നിർമ്മിച്ചതോടെ റോഡിന്റെ വീതി 2.5 മീറ്ററായി ചുരുങ്ങി.

സർക്കിളിൽ ഇതുവരെ

20 അപകടങ്ങൾ

1 മരണം