kalamandalam-latha
ഡോ.കലാമണ്ഡലം ലത

പിലാത്തറ: ലാസ്യ കോളേജ് ഒഫ് ഫൈൻ ആർട്‌സിന്റെ പ്രിൻസിപ്പലും പ്രശസ്ത നർത്തകിയുമായ ഡോ.കലാമണ്ഡലം ലത ഇടവലത്ത് കൽപ്പിത സർവകലാശാലയായ കേരള കലാമണ്ഡലത്തിന്റെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് സംസ്ഥാന സർക്കാർ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. ബീഡി തൊഴിലാളിയായിരുന്ന പയ്യന്നൂരിലെ പരേതനായ എ.യു.രാഘവപൊതുവാളുടെയും ഖാദി തൊഴിലാളി ഇടവലത്ത് സരോജിനിയുടെയും മകളാണ്. 1992ൽ കേരള കലാമണ്ഡലത്തിൽ നിന്നും നൃത്തത്തിൽ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം ഇന്ദിര കലാ സംഗീത സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, പി.എച്ച്ഡി ബിരുദവും കരസ്ഥമാക്കി. ദൂരദർശൻ എ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ്.

കേരള കലാമണ്ഡലത്തിൽ നിന്നും ഡോ.കെ.എൻ.പിഷാരടി മെഡൽ, ഐ.കെ.എസ് യൂണിവേഴ്സിറ്റി സുനന്ദാ ചക്രവർത്തി അവാർഡ്, കേരള ക്ഷേത്ര കലാ അക്കാഡമി മോഹിനിയാട്ടത്തിനുള്ള അവാർഡ്, അമേരിക്കയിലെ ബോസ്റ്റണിൽ നിന്നും നാട്യാചാര്യ ശിരോമണി പുരസ്‌ക്കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ നൃത്തത്തിന്റെ നിയമപരിധികൾ ലംഘിക്കാതെ സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി നൃത്താവിഷ്‌ക്കാരങ്ങൾ ചിട്ടപ്പെടുത്തി ഭാരതത്തിലുടനീളം അവതരിപ്പിച്ചിട്ടുണ്ട്. ലതയുടെ മകളായ ഹരിത തമ്പാനും സഹോദരി ഡോ. കലാക്ഷേത്ര വിദ്യാലക്ഷ്മിയും നർത്തകിമാരാണ്. നാടക പ്രവർത്തകനും ലാസ്യ കലാക്ഷേത്ര ഡയറക്ടറുമായ തമ്പാൻ കാമ്പ്രത്താണ് ഭർത്താവ്.