pooram
മയ്യിച്ച വെങ്ങാട്ട് ശ്രീ വയൽക്കര ഭഗവതി ക്ഷേത്രത്തിലെ ചങ്ങാത്തം ചോദിക്കൽ ചടങ്ങിൽ നിന്ന്‌

ചെറുവത്തൂർ: പൂരോത്സവത്തിന് തുടക്കം കുറിച്ച് ഉത്തര മലബാറിലെ കഴകങ്ങളിലും കാവുകളിലും ദേവസ്ഥാനങ്ങളിലുമൊക്കെ വിവിധ ചടങ്ങുകൾക്ക് തുടക്കമായി.

മയ്യിച്ച-വെങ്ങാട്ട് ശ്രീ വയൽക്കര ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തിന്റെ ഭാഗമായി ഇന്നലെ ചങ്ങാത്തം ചോദിക്കൽ ചടങ്ങ് നടന്നു. പൂരോത്സവത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള സന്ദേശം ക്ഷേത്ര പരിധിയിലെ വീടുകളിലെത്തിക്കുകയെന്നതാണ് ചങ്ങാത്തം ചോദിക്കൽ ചടങ്ങ് കൊണ്ടുദ്ദേശിക്കുന്നത്. അതിരാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തിയ ശേഷം ഒറ്റമുണ്ട് ധരിച്ച് തോടും പുഴയും വയലും അതുപോലെയുള്ള പ്രതിബന്ധങ്ങളൊക്കെ തരണം ചെയ്ത് വാല്യക്കാർ ചെറുസംഘങ്ങളായി ക്ഷേത്ര പരിധിയിലെ ഓരോ വീടും കയറിയിറങ്ങി ആതിഥ്യം സ്വീകരിക്കുന്നതോടൊപ്പം പൂരോത്സവ സന്ദേശമറിയിച്ച് ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതാണ് ചടങ്ങ്.

പൂരോത്സവത്തിന്റെ ഭാഗമായുള്ള മറുത്തുകളിയിൽ ഇത്തവണ ക്ഷേത്രത്തെ പ്രതിനിധികരിക്കുന്നത് എ.കെ. കുഞ്ഞിരാമൻ പണിക്കരാണ്. പാലായി ശ്രീ പാലാ കൊവ്വൽ ഭഗവതി ക്ഷേത്രത്തിലെ നകുലൻ പണിക്കരും തമ്മിൽ 19നാണ് ഇവിടെ മറുത്തുകളി. 23-നാണ് പൂരംകുളി.