തലശ്ശേരി: നീണ്ട 47 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ പാത 66ലെ തലശ്ശേരി - മാഹി ബൈപ്പാസ്സ് യാഥാർത്ഥ്യമാകുന്നു. 1977ൽ തീരുമാനിച്ച പദ്ധതിയാണ് 2024 ൽ പൂർത്തിയായത്. ബൈപ്പാസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് നാടിന് സമർപ്പിക്കുന്നത്.
തലശ്ശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് മാഹിയും കടന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം. തലശ്ശേരിയിലെയും മാഹിയിലെയും തീരാശാപമായ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും. തലശ്ശേരിയിൽ നിന്നും വടകരയിലേക്ക് എത്താൻ ഒന്നര മണിക്കൂർ എടുക്കുന്നത് ഇനി വെറും 15 മിനുറ്റ് മതിയാകും.
പാതയിൽ ട്രയൽ റൺ അനുവദിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഇതിലൂടെ വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. ദേശീയപാതാ വിഭാഗം റീജണൽ ഓഫീസർ ബി.എൽ. മീണ, പ്രോജക്ട് ഡയറക്ടർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയപാത ട്രയൽ റണ്ണിനായി തുറന്നു കൊടുത്തത്.
മുഴപ്പിലങ്ങാട്ടുനിന്ന് ധർമ്മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരിൽ എത്തിച്ചേരുന്നത്.
ഒരു മേൽപ്പാലം, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളുമുണ്ട്. മാഹിയിൽ പെട്ട ഈസ്റ്റ് പള്ളൂരിലാണ് ഏക സിഗ്നൽ പോയിന്റ് ഉള്ളത്. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.കെ.കെ.
ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നിർമ്മാണചുമതല.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്
51 വർഷങ്ങൾക്കു മുമ്പ് 1973 ലാണ് തലശ്ശേരി മാഹി ബൈപ്പാസിനുള്ള നിർദ്ദേശം ഉയരുന്നത്. 1977ൽ ബൈപ്പാസിനായുള്ള സ്ഥലം കണ്ടെത്തി ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനമായി. 1980നു ശേഷമാണ് സ്ഥലം ഏറ്റെടുപ്പ് നടക്കുന്നത്.1984ൽ ബൈപ്പാസിന്റെ അലൈൻമെന്റിന് അംഗീകാരം ലഭിച്ചു. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പല കാരണങ്ങളാൽ നീണ്ടു പോയി. ദശകങ്ങൾ നീണ്ട എതിർപ്പുകൾക്കും കോടതി വ്യവഹാരങ്ങൾക്കുമൊടുവിൽ 2018-ലാണ് കമ്പനി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. കൊവിഡ്, പ്രളയം എന്നീ കാരണങ്ങളാലും പ്രവൃത്തി വൈകി.
ചെലവ് 1543 കോടി
നീളം 18.6 കിലോമീറ്റർ
വീതി 45 മീറ്റർ
വലിയ പാലങ്ങൾ 4
മേൽപ്പാലം 1
റെയിൽവേ ഓവർ ബ്രിഡ്ജ് 1
അണ്ടർപാസുകൾ 21
ടോൾ നിരക്ക്
ടോൾപ്ലാസ കൊളശ്ശേരിയിൽ
കാർ, ജീപ്പ് തുടങ്ങിയ സ്വകാര്യ
ചെറുവാഹനങ്ങൾക്ക്
ഒരുഭാഗത്തേക്ക് 65 രൂപ
ഇരുഭാഗത്തേക്കും 100രൂപ
ടാക്സി വാഹനങ്ങൾക്ക്
ഒരുഭാഗത്തേക്ക് 35 രൂപ
മിനി ബസ്, ചെറു വാണിജ്യ വാഹനങ്ങൾക്ക്
ഒരു ഭാഗത്തേക്ക് 105 രൂപ
ഇരുഭാഗത്തേക്കും 160 രൂപ
ബസ്, ലോറി ഒരു ഭാഗത്തേക്ക് 225രൂപ
ഇരുഭാഗത്തേക്കും 335 രൂപ