തലശ്ശേരി: പൊന്ന്യം പാലം -മാക്കുനി റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗതം നിരോധിച്ച് റോഡ് പൂർണമായും അടച്ചിട്ട് നിർമ്മാണം തുടങ്ങിയിട്ട് നാലുമാസമായി. ഇക്കഴിഞ്ഞ ഒക്ടോബർ 24ന് റോഡ് അടച്ചിടുമ്പോൾ രണ്ടു മാസത്തെ കാലയളവിൽ പണി പൂർത്തിയാക്കി ഡിസംബർ 24ന് തുറന്ന് നൽകുമെന്ന പി.ഡബ്‌ള്യു.ഡി അധികൃതരുടെ അറിയിപ്പോടെയാണ് പ്രവൃത്തി തുടങ്ങിയത്. എന്നാൽ നാല് മാസമായിട്ടും നിർമ്മാണം എങ്ങും എത്താത്ത അവസ്ഥയാണുള്ളത്.
കതിരൂർ, കൂത്തുപറമ്പ്, കോപ്പാലം, തലശ്ശേരി, പള്ളൂർ, മാഹി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡാണിത്. നൂറുകണക്കിന് വീട്ടുകാർ താമസിക്കുന്നതും സ്‌കൂളുകളുൾപ്പടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന റോഡിന്റെ നിർമ്മാണം നീളുന്നതിൽ യാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതമായി.
പൊടിപടലങ്ങൾ മൂടിക്കിടക്കുന്നതിനാലും, വാഹനങ്ങൾ വീടുകളിലേക്കും സമീപത്തെ സ്ഥാപനങ്ങളിലേക്കും എത്തിപ്പെടാൻ കഴിയാത്തതിലും നാട്ടുകാരിൽ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
ആയിരക്കണക്കിന് യാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതമായി മാറിയ റോഡ് നിർമ്മാണം കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്നും നിർമ്മാണം പൂർത്തിയാകുന്നതുവരെ പൊടിപടലങ്ങളിൽ നിന്നും രക്ഷ നേടാൻ രാവിലെയും വൈകുന്നേരവും റോഡിൽ വെള്ളം നനച്ച് പരിസരവാസികൾക്ക് സുരക്ഷ നൽകണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
ഒരിക്കൽ 'പണി" തന്ന പ്രവൃത്തി
മൂന്ന് വർഷം മുമ്പ് ഇരുവശത്തും ഓവുചാലുകൾ നിർമ്മിച്ച് റോഡ് റീ ടാർ ചെയ്ത് തുറന്നു നൽകിയെങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം അടുത്ത മഴയിൽ റോഡ് തകരുകയും വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിനുള്ള പരിഹാരമെന്നോണമാണ് ഇപ്പോൾ വീണ്ടും നിർമ്മാണം തുടങ്ങിയത്.
നാട്ടുകാർ പറയുന്നത്:
1. ഇരു ചക്രവാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത വിധം പഴുതടച്ചാണ് റോഡ് നിർമ്മാണം.
2. കലുങ്കുകളും ഓവുചാലുകളും നിർമ്മിച്ച് റോഡ് ഉയർത്തുന്ന പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്.
3. റോഡിൽ വെള്ളം നനച്ച് പരിസരവാസികൾക്ക് പൊടിയിൽ നിന്ന് സുരക്ഷയൊരുക്കണം
വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഇടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടാൻ കാരണം.
എൻജിനീയർ അജിത്ത്