kanayi
ശില്പി കാനായി കുഞ്ഞിരാമൻ കോവിലകം ചിറ നോക്കി കാണുന്നു

നീലേശ്വരം: നീലേശ്വരം രാജവംശത്തിന്റെ പ്രൗഢിയുടെ ശേഷിപ്പായ കോവിലകം ചിറയിൽ ശില്പി കാനായി കുഞ്ഞിരാമൻ പൈതൃക ശില്പം നിർമ്മിക്കുന്നു. നീലേശ്വരത്തിന്റെ ചരിത്രവും സംസ്കാരവും ഇഴചേർത്തുള്ള 40 അടി ഉയരമുള്ള ശില്പമാണ് ചിറയുടെ മദ്ധ്യത്തിൽ കാനായി നിർമ്മിക്കുക. ചിറയുടെ നാലുഭാഗത്തും ഇരിപ്പിടങ്ങൾ ഒരുക്കി നീലേശ്വരത്തെ തെക്കെ ഇന്ത്യയിലെ തന്നെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് കാനായിയുടെ ഉദ്ദേശ്യം.

ഇതിന്റെ ഭാഗമായി കാനായി കഴിഞ്ഞ ദിവസം കോവിലകം ചിറയും രാജകൊട്ടാരവും സന്ദർശിച്ചു. രാജകൊട്ടാരവും സാംസ്കാരിക വൈവിദ്ധ്യവും തുറുമുഖവും കോട്ടകളും കൊണ്ട് സമ്പന്നമായിരുന്ന നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്തായാണ് അത്യുത്തര കേരളത്തിലെ തന്നെ ഏറ്റവും വലിയ കോവിലകം ചിറ സ്ഥിതി ചെയ്യുന്നത്. അതിനാൽ കാനായി കുഞ്ഞിരാമന്റെ ആഗ്രഹം നടപ്പിലാകുന്നതോടെ നീലേശ്വരത്തിന്റെ സമഗ്ര ടൂറിസം വികസനത്തിന് വഴിയൊരുക്കും. കാനായി കുഞ്ഞിരാമൻ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ഈ ചിറയോരത്തെ നിത്യസന്ദർശകനായിരുന്നു. നീലേശ്വരം കൊട്ടാരവും കാനായി സന്ദർശിച്ചു. കാനായി കുഞ്ഞിരാമനൊപ്പം ടി.സി ഉദയവർമ്മ രാജ, ഡോ. കെ.സി.കെ രാജ, ഡോ. വി. സുരേശൻ, കെ.വി. വിനോദ്, പി. സുനിൽകുമാർ, ലക്ഷ്മീ നാരായണ പ്രഭു, നന്ദകുമാർ കോറോത്ത്, ഡോ. എം. രാധാകൃഷ്ണൻ നായർ, ശിവദാസ് കീനേരി, സി.എം. സുരേഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.

അല്പം ചരിത്രം

തളിയിൽ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള പന്ത്രണ്ട് പൊതിപ്പാട് വലിപ്പത്തിലുള്ള പന്ത്രണ്ടിൽ കണ്ടത്തിൽ നിന്നും ഇരുന്നൂറ് മീറ്റർ നീളത്തിൽ നിർമ്മിച്ച കനാലിലൂടെ ജലം കൊണ്ട് വന്ന് സംഭരിക്കുന്നതിനാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് കോവിലകം ചിറ നിർമ്മിച്ചത്. നൂറു കണക്കിന് തൊഴിലാളികൾ കൈകൊണ്ട് മണ്ണ് മാന്തി നിർമ്മിച്ചതിനാൽ കൈത്തോട് ചിറ എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. ജലസംഭരണ പ്രവർത്തനത്തിന് നീലേശ്വരം രാജാക്കന്മാർ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് വേനൽക്കാലത്തും നീലേശ്വരം നഗരത്തിൽ ജലക്ഷാമം അനുഭവപ്പെടാത്തത് എന്നത് ചരിത്ര വസ്തുത.