പയ്യാവൂർ: ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ പണി പൂർത്തീകരിച്ച 100 വീടുകളുടെ താക്കോൽദാനം സജീവ് ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി എം.ബി രാജേഷ് ഇന്നു രാവിലെ 11.30ന് നിർവഹിക്കും. 2021 ഫെബ്രുവരി മാസം വരെ അപേക്ഷ നൽകിയവരിൽ നിന്നും പരിശോധന നടത്തി 350 ആളുകളാണ് ലൈഫ് മിഷൻ ഗുണഭോക്താക്കളായി അർഹത നേടിയത്. ഇവരിൽ എസ്.സി, എസ്.ടി മേഖലകളിൽ മുഴുവൻ ആളുകൾക്കും ഭവനങ്ങൾ നൽകിയതിനുശേഷമാണ് ജനറൽ വിഭാഗത്തിലെ ആളുകളെ പരിഗണിച്ചത്. ത്രിതല പഞ്ചായത്തുകളുടെയും ഗവൺമെന്റിന്റെയും ഫണ്ടിന് പുറമെ കേരള സർക്കാർ ഹഡ്‌കോയുടെ മൂന്നരക്കോടി രൂപയുടെ പലിശരഹിത വായ്പ എടുത്താണ് പദ്ധതി പൂർത്തീകരിക്കുന്നത്. ചന്ദനക്കാംപാറ പി.എച്ച്.സി കെട്ടിടത്തിന്റെയും പുതുതായി ആരംഭിക്കുന്ന ലബോറട്ടറിയുടെയും ഉദ്ഘാടനവും മന്ത്രി ഇന്ന് നിർവഹിക്കും.