prakadanam
വിദേശമദ്യ വില്പന കേന്ദ്രത്തിനെതിരെ മയിച്ചയിൽ നടന്ന പ്രതിഷേധ പ്രകടനം

ചെറുവത്തൂർ: കൺസ്യൂമർ ഫെഡിന്റെ കീഴിൽ ചെറുവത്തൂരിൽ തുറക്കുകയും പൂട്ടുകയും ചെയ്ത മദ്യ വിൽപനശാല മയിച്ചയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത് വന്നു. ചെറുവത്തൂരിൽ പൂട്ടിയ മദ്യശാല മയ്യിച്ച അയ്യപ്പ ഭജനമഠത്തിന് സമീപം വേണ്ടെന്ന് പ്രഖ്യാപിച്ച് വനിതാ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ കുടുംബശ്രീ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ പങ്കെടുത്തു.

മയ്യിച്ചയിലെ ദേശീയപാതയോട് ചേർന്ന് നിലവിൽ ഹോട്ടലായി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മദ്യവിൽപന കേന്ദ്രം മാറ്റുന്നതിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. കേന്ദ്രത്തിന് ലൈസൻസ് അനുവദിക്കുന്നതിന്റെ ഭാഗമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കെട്ടിടം പരിശോധിച്ച് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്ക് റിപ്പോർട്ട് അയച്ചിരുന്നു. ഇനി ലൈസൻസ് അനുവദിക്കുന്ന നടപടി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

ജനവാസ മേഖലയാണ് മയ്യിച്ചയെന്ന് മുന്നറിയിപ്പ് നൽകി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ മയിച്ചയിൽ മദ്യ വില്പന കേന്ദ്രം തുടങ്ങുന്നതും അനിശ്ചിതത്വത്തിലാകും.

ഉദ്ഘാടന ദിവസം തന്നെ പൂട്ടിയ കേന്ദ്രം

കഴിഞ്ഞ നവംബർ 22ന് ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷൻ റോഡിൽ പ്രവർത്തനം തുടങ്ങിയ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപന കേന്ദ്രം ഉദ്ഘാടന ദിവസം തന്നെ പൂട്ടിയിരുന്നു. പൂട്ടിയ മദ്യ വിൽപന കേന്ദ്രത്തിന് മുന്നിൽ സി.ഐ.ടി.യു തൊഴിലാളികൾ സമരം നടത്തുകയും സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് മദ്യവിൽപന കേന്ദ്രം ചെറുവത്തൂരിൽ തന്നെ മറ്റൊരിടത്ത് തുടങ്ങുമെന്ന് സി.പി.എം നേതൃത്വം വിശദീകരണ പൊതുയോഗം നടത്തി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അച്ചാംതുരുത്തിയിൽ അടക്കം കെട്ടിട സൗകര്യം നോക്കിയിരുന്നെങ്കിലും ജനവാസ മേഖലയിൽ അനുവദിക്കില്ലെന്നറിയിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ദേശീയപാതയോട് ചേർന്ന് കിടക്കുന്ന മയിച്ചയിലെ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ചെറുവത്തൂരിൽ പൂട്ടിയ സ്ഥാപനം അവിടെ തന്നെ തുറക്കുന്നതിന് പകരം നമ്മുടെ നാട്ടിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. ദേശീയപാതക്ക് തൊട്ടരികിലാണ് കണ്ടെത്തിയ കെട്ടിടം. ഇതിന് ചുറ്റും ധാരാളം ജനങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെ വിദേശമദ്യശാല തുടങ്ങിയാൽ ഗതാഗത തടസം സ്ഥിരമായി ഉണ്ടാകും. യാത്ര ചെയ്യാൻ സ്ഥലമില്ലാതാകും.

കൃഷ്ണൻ മയ്യിച്ച