aana
ആറളം ഫാമിൽ ഞായറാഴ്ച കണ്ടെത്തി വനത്തിലേക്ക് കയറ്റിവിട്ട കാട്ടാനക്കൂട്ടം

ഇരിട്ടി: ആറളം ഫാമിൽ ആന തുരത്തലിന്റെ രണ്ടാംഘട്ടത്തിൽ മൂന്നാം ദിവസമായ ഞായറാഴ്ച കണ്ടെത്തിയ 11 ആനകളിൽ 7 എണ്ണത്തെ വൈകുന്നേരത്തോടെ കാടുകയറ്റി. ഇനിയും നാൽപ്പതിലേറെ ആനകൾ ഫാമിലും പുനരധിവാസ മേഖലയിലുമായി ഉണ്ടെങ്കിലും ദൗത്യം താത്കാലികമായി നിർത്തിവെച്ചു. കനത്ത വേനൽച്ചൂടിൽ ദിവസങ്ങളായി തുടർന്ന ആന തുരത്തൽ ദൗത്യം പരാജയപ്പെടുന്ന അവസ്ഥയാണ് അധികദിവസവും ഉണ്ടായത്. ഇനി 28ന് എസ്.എസ്.എൽ.സി പരീക്ഷ കഴിയുന്നതോടെ മാത്രമാണ് ദൗത്യം ഉണ്ടാവുക എന്നാണ് അറിയാൻ കഴിയുന്നത്.


ഞായറാഴ്ച രാവിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും ആയിരുന്നു ദൗത്യം തുടങ്ങിയത്. കാർഷിക ഫാമിലെ ഒന്നാം ബ്ലോക്കിൽ നിന്നും തുടങ്ങിയ ദൗത്യത്തിനിടയിൽ ആദ്യം നാലെണ്ണത്തെയും പിന്നീട് രണ്ട് കുട്ടിയാനകൾ അടക്കം ഏഴ് ആനകളെയും കണ്ടെത്തി. ഇവയെ ഒന്നിപ്പിച്ച് ഫാമിന്റെ കാർഷിക മേഖലകടത്തി പന്ത്രണ്ടാം ബ്ലോക്കിലെ ഹെലിപ്പാടിന് സമീപം വരെ എത്തിച്ചെങ്കിലും നാലെണ്ണമുള്ള ആനക്കൂട്ടം മാറിപ്പോവുകയായിരുന്നു. എന്നാൽ 7 ആനകളടങ്ങിയ കൂട്ടത്തെ താളിപ്പാറ, കോട്ടപ്പാറ, ആർ.ആർ.ടി ഓഫീസിന് സമീപം വഴി വനത്തിലേക്ക് കയറ്റിവിടുകയായിരുന്നു. ആനകളെ കയറ്റി വിട്ടശേഷം വനാതിർത്തിയിലും ആറളം കാർഷിക ഫാം അതിർത്തിയിലും സ്ഥാപിച്ച സോളാർ വേലികൾ ചാർജ്ജ് ചെയ്യുകയും ചെയ്തു.