തളിപ്പറമ്പ്: സീബ്രാലൈനിൽ നിയമലംഘനം നടത്തിയത് ചോദ്യംചെയ്ത യാത്രിക്കാരനെ ബൈക്ക് യാത്രികരായ യുവാക്കൾ ഭീഷണിപ്പെടുത്തി. പരാതിയെ തുടർന്ന് യുവാക്കളെ പിടികൂടിയ പൊലീസ് നിയമലംഘനത്തിന് പിഴയിട്ടു. ദേശീയപാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ നിറുത്തുന്ന സ്ഥലത്തെ സീബ്രാലൈനിലാണ് സംഭവം. സീബ്രാലൈനിൽ റോഡിലെ ഡിവൈഡറിൽ കാൽനട യാത്രികർക്കായി ചെറിയ വിടവുണ്ട്. ഇതുവഴി കടന്നുപോകാനുള്ള ബൈക്ക് യാത്രികരുടെ ശ്രമം ചോദ്യം ചെയ്തതാണ് മറ്റൊരു വാഹന യാത്രക്കാരനെ ഭീഷണിപ്പെടുത്താൻ കാരണമായത്.

യാത്രക്കാരൻ ഉടൻ തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമോദിനെ വിവരമറിയിച്ചു. അദ്ദേഹം ഉടൻ അന്വേഷണം നടത്തുകയും സി.സി.ടി.വി ദൃശ്യം പരിശോധിച്ച് നിയമംലംഘിച്ച ബൈക്ക് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ബൈക്ക് യാത്രക്കാരൻ ബദരിയ്യ നഗറിലെ യുവാവിനെ കസ്റ്റഡിയിലെടുത്തു. നിയമപരമായ പിഴ ഈടാക്കി. രക്ഷിതാവിനെയും കൂട്ടി എത്തിയതിനു ശേഷമാണ് ബൈക്ക് വിട്ടു കൊടുത്തത്. ഡിവൈഡറിലെ വിടവിലൂടെ ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നത് പലപ്പോഴും കാൽനടക്കാർക്ക് പ്രയാസം സൃഷ്ടിക്കാറുണ്ട്. ഇത്തരം വാഹന ഡ്രൈവർമാരെ സമീപത്തെ ഓട്ടോ ഡ്രൈവർമാർ പലപ്പോഴായി തടഞ്ഞ് തിരിച്ച് വിടുകയും ചെയ്യാറുണ്ട്.