 
പാനൂർ: പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠ നടത്തുവാനും ഗോപുരം നിർമ്മിക്കുവാനും വേണ്ടി വർഷങ്ങൾ പഴക്കമുള്ള അരയാൽ വൃക്ഷത്തെ ബലികൊടുക്കില്ല. പകരം കൂറ്റൻ അരയാൽമരം വേരോടെ പിഴുതെടുത്ത് മാറ്റി സ്ഥാപിക്കും. ഈമാസം നടക്കുന്ന പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ശേഷം അരയാൽ മരം മാറ്റി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. കോട്ടയം സ്വദേശിയും അദ്ധ്യാപകനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലാണ് വൃക്ഷത്തെ മാറ്റിസ്ഥാപിക്കുന്നത്.
കോട്ടയം സ്വദേശിയായ കെ.ബിനു തന്റെ ഗുരുവായ ഡോ.സീതാരാമനിൽ നിന്നാണ് വൃക്ഷ ചികിത്സ പഠിച്ചത്. വൃക്ഷായുർവേദ പ്രകാരമുള്ള ചികിത്സ കൂട്ടുകളാണ് വൃക്ഷത്തിന് നൽകുക. ബിനുവിന്റെ കൂടെ നാല് സഹായികളും ഉണ്ടാകും. വൃക്ഷം കൂമ്പ്ചീയ്യൽ, വേരുചീയൽ, ഇടിവെട്ടേറ്റത്, മരം പൊള്ളിയത് എന്നിവയ്ക്കൊക്കെ ബിനു ചികിത്സ നൽകാറുണ്ട്. ബിനുവിന്റെ നേതൃത്വത്തിൽ കേരളത്തിൽ 188 മരങ്ങൾ മാറ്റി കുഴിച്ചിട്ടുണ്ട്.
ഏപ്രിൽ മാസത്തിൽ 4 ദിവസത്തെ കർമ്മങ്ങൾ
ഒന്നാംദിവസം: വൃക്ഷത്തിന്റെ അനുമതി വാങ്ങിയതിന് ശേഷം തടിമരം കേടുവരാതെ ശിഖരങ്ങൾ വെട്ടി ഇറക്കും. വൃക്ഷ ചുവടിന്റെ ഇരട്ടി വലുപ്പത്തിൽ പുതിയ കുഴിയെടുക്കും. കുഴിയിൽ ഫംഗസ് ബാധ ഇല്ലാതിരിക്കാൻ കർപ്പൂരം, ചകിരി എന്നിവ ഉപയോഗിച്ച് കുഴിമൂടും.
രണ്ടാം ദിവസം: പുതിയ കുഴിയിലെ ചാരം നീക്കം ചെയ്യും. പുതിയ കുഴിയിലെ മണ്ണ് അരിച്ചതിനുശേഷം വളം ചേർക്കും. തേങ്ങാ പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചേർത്തുവയ്ക്കും.
മൂന്നാം ദിവസം: ജെസിബി ഉപയോഗിച്ച് വൃക്ഷത്തിന്റെ ചുവട് ഇളക്കും. ക്രെയിൻ ഉപയോഗിച്ച് വൃക്ഷത്തെനീക്കും. വൃക്ഷത്തിന്റെ തടി ഭാഗത്ത് ചണം പൊതിയും. നേരത്തെ തയ്യാറാക്കിയ മിശ്രിതം കുഴിയിലേക്ക് ഇട്ട് കുഴി നനക്കും. നനക്കാൻ 100 ലിറ്റർ വെള്ളം ഉപയോഗിക്കും. ഇതിനായി ശർക്കര, എള്ള്, പാൽ, പച്ചവെള്ളം എന്നിവ ഉപയോഗിക്കും. ക്രെയിൻ ഉപയോഗിച്ച് തടി മരത്തെ പുതിയ കുഴിയിലേക്ക് ഇറക്കി വയ്ക്കും.
നാലാം ദിവസം: 14 ഇനം മരുന്നു കൂട്ടുകൾ ഉപയോഗിച്ച് തടി മരത്തിൽ തേച്ചുപിടിപ്പിക്കും. ആറുമാസത്തിനുള്ളിൽ പുതിയ മുളകൾ വരും.