unnithan

കാഞ്ഞങ്ങാട്: ഡി സി.സിയിൽ ഒരു അപശബ്ദവുമില്ലെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ വോട്ടങ്കം 24 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ൽ കാസർകോട്ട് വരുമ്പോൾ താൻ ഇവിടുത്തുകാർക്ക് അപരിചതനായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം അവരുടെ ഊണിലും ഉറക്കിലും ഞാനുണ്ട്. ചുക്കില്ലാത്ത കഷായം എന്ന് പറഞ്ഞത് പോലെ രാജ്മോഹൻ ഇല്ലാത്ത ഒരു കാര്യവും ഒരിടത്തും നടന്നിട്ടില്ല എന്ന് പറയുന്നതാവും ശരി. പാർലിമെന്റിൽ ഏറ്റവും കൂടുതൽ ഹാജരായവരുടെ കൂട്ടത്തിൽ തന്റെ പേരും ഉണ്ടാകും. കാസർകോടിന്റെ റെയിൽ യാത്രാരംഗത്ത് വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടിയും അവർ ആവശ്യപ്പെടുന്ന എയിംസ് ആശുപത്രിക്ക് വേണ്ടിയും താൻ അവർക്കൊപ്പമുണ്ടാകും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് ക്രിയാത്മകമായി പ്രവർത്തിക്കേണ്ടത്. കാഞ്ഞങ്ങാട് കാണിയൂർ റെയിൽപാതയുടെ കാര്യത്തിൽ കേരളം അവരുടെ ചുമതല നിറവേറ്റിയാൽ കർണാടകത്തോട് പറഞ്ഞ് അവരുടെ ഭാഗത്ത് നിന്നുമുള്ള പിന്തുണ തേടുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

കാസർകോടിന്റെ റോഡ് നിർമ്മാണത്തിലും ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കുന്നതിലും സ്‌കൂൾ ബസുകൾ അനുവദിക്കുന്നതിലുമൊക്കെ ഇടപെട്ടിട്ടുണ്ട്. എം.പി ഫണ്ട് നിയമസഭാ മണ്ഡലങ്ങൾക്ക് വീതം വെക്കുമ്പോൾ 50 ലക്ഷമാണ് കിട്ടുക. മറ്റ് ഫണ്ടുകളും താൻ നേടിയെടുത്തിരുന്നു. പ്രസ്‌ഫോറം പ്രസിഡന്റ് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

'കോൺഗ്രസിൽ നിന്ന് ആരുപോയാലും പ്രശ്നമല്ല"

പത്മജ വേണുഗോപാൽ അടക്കമുള്ളവരുടെ ബി.ജെ.പി പ്രവേശം സംബന്ധിച്ച ചോദ്യത്തിന് കോൺഗ്രസിൽ നിന്ന് ആര് പോയാലും ഒരു പ്രശ്നവുമില്ലെന്നായിരുന്നു ഉണ്ണിത്താന്റെ ഉത്തരം . ബി.ജെ.പിയിലേക്ക് പോകുന്നവരെ പർവതീകരിച്ച് കാട്ടി കോൺഗ്രസിനെ കൊച്ചാക്കരുതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ തവണ അവർക്ക് പറ്റിയ തെറ്റ് തിരുത്തുമെന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി .ബാലകൃഷ്ണന്റെ പ്രസ്താവന കാസർകോട് മണ്ഡലത്തിലെ വോട്ടർമാരെ പരിഹസിക്കുന്നതാണ്. 35 വർഷത്തെ പരീക്ഷണത്തിൽ നിന്നും ഫലമില്ലാതെ വന്നപ്പോഴാണ് ഇവിടത്തുകാർ തന്നെ വിജയിപ്പിച്ചതെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ തിരിച്ചടിച്ചത്.